പോറ്റിയവർ പുറത്തുവരുമോ?; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈകോടതിക്ക് കൈമാറും
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ചൊവ്വാഴ്ച പ്രത്യേക അന്വേഷണസംഘം ഹൈകോടതിക്ക് കൈമാറും.
ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം കടത്തിയതിലും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷ്ടിച്ചതിലുമായി രണ്ട് കേസുകളാണ് എസ്.എ.ടി രജിസ്റ്റർ ചെയ്തത്.
രണ്ടിലും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ കേസിലാണ് പോറ്റിയുടെ അറസ്റ്റ്. കട്ടിളപ്പടിയിലെ സ്വർണം കാണാതായ കേസിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ കേസിലെ എട്ടാം പ്രതി 2019ലെ ദേവസ്വം ബോർഡ് ഭരണസമിതിയാണ്.
അതേസമയം, 2019 ജൂലൈയിൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയ സംഭവത്തിൽ ഗൂഡാലോചനയിൽ പങ്കാളിയെന്ന് സംശയിക്കുന്ന ബംഗളൂരു സ്വദേശിയും പോറ്റിയുടെ സുഹൃത്തുമായ അനന്ത സുബ്രമണ്യം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.
2019 ജൂലൈ 19ന് സ്വർണം പൂശാനെന്ന പേരിൽ ദ്വാരപാലക ശിൽപങ്ങളിലെ 12 പാളികളും തെക്കും വടക്കും പൊതിഞ്ഞ രണ്ട് സ്വർണ തകിടുകളും പോറ്റിയുടെ സുഹൃത്തെന്ന പേരിൽ അനന്ത സുബ്രമണ്യമാണ് ശബരിമലയിൽ നിന്ന് കൊണ്ടുപോയത്. എന്നാൽ പാളികളിൽ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിക്കുന്നതിന് പകരം ഇയാൾ ഹൈദരാബാദുകാരൻ നാഗേഷിനെ എൽപ്പിച്ചെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
ശബരിമലയിൽ നിന്ന് അനന്ത സുബ്രമണ്യം ഏറ്റുവാങ്ങിയ പാളികളുടെ ഭാരം 42.8 കിലോയാണ്. എന്നാൽ, നാഗേഷ് സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചത് 38.2 കിലോയുടെ പാളികളാണ്. രാവിലെ പ്രത്യേക മുറിയിൽ ചോദ്യം ചെയ്തശേഷം പോറ്റിക്കൊപ്പമിരുത്തിയും അനന്ത സുബ്രമണ്യത്തെ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

