അവസാന ലാപ്പിൽ സ്വർണക്കൊള്ളയും രാഹുൽ പീഡനവും; ആദ്യഘട്ട പോളിങ്ങിലേക്ക് അഞ്ച് നാൾ ദൂരം
text_fieldsതിരുവനന്തപുരം: പ്രചാരണരംഗം ചൂടുപിടിക്കുമ്പോൾ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ്ങിലേക്ക് ഇനി അഞ്ച് നാൾ ദൂരം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ ഒമ്പതിന് പോളിങ് നടക്കുമ്പോൾ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ 11നാണ് ജനവിധി രേഖപ്പെടുത്തുന്നത്.
ആദ്യഘട്ട പോളിങ്ങിന്‍റെ പരസ്യപ്രചാരണം ഏഴിനും രണ്ടാം ഘട്ടത്തിന്‍റേത് ഒമ്പതിനും അവസാനിക്കും. 13നാണ് വോട്ടെണ്ണൽ. അഞ്ച് മാസങ്ങൾക്കപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിർണായക ചുവടായതിനാൽ മൂന്ന് മുന്നണികളും തദ്ദേശപ്പോരിൽ കരുത്ത് തെളിയിക്കാനുള്ള അവസാന ശ്രമത്തിലാണ്.
മുൻ എം.എൽ.എമാർ ഉൾപ്പെടെ മികച്ച സ്ഥാനാർഥികളെ ഇറക്കിയുള്ള പോരാട്ടത്തിൽ വികസന പ്രശ്നങ്ങളെക്കാൾ നിറഞ്ഞുകത്തുന്നത് രാഷ്ട്രീയ വിഷയങ്ങൾ തന്നെ. പ്രചാരണ വിഷയങ്ങൾ മാറിമറയുന്ന തെരഞ്ഞെടുപ്പ് ഗോദയിൽ ആവനാഴിയിലെ അവസാന അസ്ത്രവുമിറക്കിയുള്ള തന്ത്രങ്ങളാണ് മുന്നണികളെല്ലാം സ്വീകരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ ജയിലഴിക്കുള്ളിൽ പോയതായിരുന്നു ഇതുവരെ പ്രധാന പ്രചാരണ വിഷയമെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയുടെ ‘രണ്ടാം വരവ്’ കോൺഗ്രസിനും യു.ഡി.എഫിനും അപ്രതീക്ഷിത തിരിച്ചടിയായി.
സാമൂഹിക മാധ്യമങ്ങളിലടക്കം ശബരിമല സ്വർണക്കൊള്ള ലൈവാക്കി നിർത്തി പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന പരാതിയും അന്വേഷണവും കത്തിച്ചുനിർത്താനാണ് സർക്കാറിന്‍റെയും ഇടതുമുന്നണിയുടെയും ശ്രമം. രാഹുലിനെ അറസ്റ്റ് ചെയ്യുന്ന നടപടികൾ ഉണ്ടായാൽ അതുൾപ്പെടെ അവശേഷിക്കുന്ന പ്രചാരണ ദിനങ്ങളിൽ ഇടതുമുന്നണി ആയുധമാക്കും.
യു.ഡി.എഫും കോൺഗ്രസും രാഹുൽ വിഷയത്തിൽ പ്രചാരണരംഗം മാറാതിരിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ ‘അമ്പലക്കള്ളൻമാർ കടക്ക് പുറത്ത്’ എന്ന കാമ്പയിനുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമ ആനുകൂല്യങ്ങളും വർധിപ്പിച്ച തുക അടക്കമുള്ള ക്ഷേമപെൻഷൻ കുടിശിക തീർത്തുകൊടുത്തതും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാറും എൽ.ഡി.എഫും. മൂന്നാം സർക്കാർ ലക്ഷ്യമിട്ട് എൽ.ഡി.എഫും സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലേക്കുള്ള സെമിഫൈനലായി യു.ഡി.എഫും തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നു.
തദ്ദേശത്തിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കടന്നുകയറിയും അതുവഴി വോട്ടുവിഹിതത്തിൽ വർധന വരുത്തിയും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

