ശബരിമല സ്വർണക്കൊള്ള: നിലവിലെ ഭരണസമിതിയുടെ ഉത്തരവിലും സ്വർണം മറഞ്ഞു
text_fieldsപത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപപാളികൾ അറ്റകുറ്റപ്പണികൾക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോഴും ദേവസ്വം ഉത്തരവിൽ സ്വർണമില്ല. ശിൽപങ്ങളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ് പാളികളെന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവാണ് 2019ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപപാളികളിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് 2024ൽ ബോർഡിന് കത്ത് നൽകിയത്. തുടർന്ന് നിലവിലെ ദേവസ്വം ബോർഡ് യോഗം ചേർന്നാണ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത്. ഈ ഉത്തരവിലാണ് അവ്യക്തത.
ഉത്തരവിന്‍റെ തുടക്കത്തിൽ ദ്വാരപാലക ശിൽപങ്ങളിൽ പൊതിഞ്ഞിട്ടുള്ള സ്വർണം പൂശിയ ചെമ്പുപാളികൾ അറ്റകുറ്റപ്പണികൾ നടത്തി നൽകാൻ ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ഭക്തൻ തയാറാണെന്നാണ് പറയുന്നുണ്ടെങ്കിലും പിന്നീട് സ്വർണം ഒഴിവാക്കി നിലവിൽ പൊതിഞ്ഞിട്ടുള്ള ചെമ്പുപാളികളെന്നാണ് പറയുന്നത്. ചെന്നൈയിലേക്ക് ഇവ കൊണ്ടുപോകാനുള്ള ഭാഗത്ത് സ്വർണമെന്ന വാക്ക് ഒഴിവാക്കിയത് മനഃപൂർവമാണെന്ന സംശയമാണ് ഉയരുന്നത്. 2024 നവംബർ ഒന്നിനുള്ള ഈ ഉത്തരവിൽ പൊതുപണപ്പിരിവ് കൂടാതെയാവും സ്പോൺസർ അറ്റകുറ്റപ്പണി ചെയ്യുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സ്വർണക്കൊള്ളയിലെ നാലാംപ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ അന്നത്തെ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തി. ദേവസ്വം ബോർഡിന്‍റെ തീരുമാനപ്രകാരമാണ് 2019ലെ ഉത്തരവെന്നാണ് ഇവർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. 2019 ജൂലൈ അഞ്ചിനായിരുന്നു ദ്വാരപാലക ശിൽപപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാമെന്ന് കാട്ടി ഉത്തരവിട്ടത്.
ഇത് ജൂലൈ മൂന്നിന് ചേർന്ന ബോർഡ് യോഗത്തിലെ തീരുമാനപ്രകാരമാണെന്നാണ് എസ്. ജയശ്രീ കോടതിയിൽ നൽകിയ ഹരജിയിൽ പറഞ്ഞിരിക്കുന്നത്. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ബുധനാഴ്ച ഹൈകോടതിയിൽ ഇടക്കാല റിപ്പോർട്ടും സമർപ്പിക്കും. രണ്ടാമത്തെ റിപ്പോർട്ടാണിത്. ഇതിൽ ദേവസ്വം ബോർഡിന്‍റെ പങ്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

