ശബരിമല സ്വർണക്കൊള്ള: ഉദ്യോഗസ്ഥ വീഴ്ച മനഃപൂർവമെന്ന് അന്വേഷണസംഘം
text_fieldsകൊച്ചി: ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളിൽ കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തുകയായിരുന്നെന്ന് എസ്.ഐ.ടി. ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019ൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടശേഷം അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിക്കാൻ കെ.എസ്. ബൈജുവിനെ ചുമതലപ്പെടുത്തിയെങ്കിലും ഇതിന് നടപടിയുണ്ടായില്ല. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യമുണ്ടായിട്ടും ഡി. സുധീഷ്‌കുമാർ തയാറാക്കിയ മഹസറിൽ ചെമ്പുതകിടുകൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അറ്റകുറ്റപ്പണിക്ക് കരാർ വെക്കാത്തതിൽ ദുരൂഹതയുണ്ട്. ദേവസ്വം മാന്വൽ ലംഘിച്ചാണ് പാളികൾ പുറത്തേക്ക് കടത്തിയത്. മഹസറിൽ പോറ്റിക്ക് പകരം സുഹൃത്തുക്കളാണ് ഒപ്പിട്ടത്.
തിരിച്ചെത്തിയപ്പോൾ മഹസർ എഴുതുകയോ തൂക്കംനോക്കുകയോ ചെയ്തില്ല. സ്വർണം ബാക്കിയുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികളായ ഉദ്യോഗസ്ഥർ അന്വേഷണം നടത്താത്തത് അവരുടെ പങ്കിന് തെളിവാണ്. ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണമാണ് പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന് ചുറ്റുമുള്ള എട്ട് തൂണുകൾക്കും അരികിലെ ബീഡിങ്ങുകൾക്കുംവേണ്ടി 4302.660 ഗ്രാം സ്വർണം ഉപയോഗിച്ചതായി യു.ബി ഗ്രൂപ്പിന്റെ 1998 ഒക്ടോബർ 15ലെ റിപ്പോർട്ടിലുണ്ട്.
എന്നാൽ, ഒരോ പ്ലേറ്റിലും എത്ര സ്വർണമാണെന്നത് സംബന്ധിച്ച വ്യക്തത വരാൻ സാംപിൾ പരിശോധനഫലം ലഭിക്കേണ്ടതുണ്ട്. റിപ്പോർട്ടിന് മറുപടി നൽകാൻ പ്രതികളുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ജാമ്യഹരജികൾ ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യാഴാഴ്ചത്തേക്ക് മാറ്റി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹരജിയും അന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

