അന്വേഷണമെത്തേണ്ടത് ‘പോറ്റി’യവരിലേക്കും
text_fieldsതിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണമെത്തേണ്ടത് ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെ ‘പോറ്റി’യവരിലേക്കും. തന്റെയും മന്ത്രിയുടെയും കൈകൾ ശുദ്ധമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ആവർത്തിക്കുമ്പോഴും 2016 മുതൽ സി.പി.എം നേതൃത്വം നൽകുന്ന സർക്കാറിനും ദേവസ്വം ബോർഡിനും വിവാദങ്ങളിൽനിന്ന് ഒളിച്ചോടാനാകില്ല.
2019ൽ പാളികളിൽ സ്വർണം പൂശിയതിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് ദേവസ്വം ബോർഡ് കണ്ടെത്തിയിട്ടും അതേ സ്പോൺസർക്ക് തന്നെ വീണ്ടും പാളികൾ സ്വർണം പൂശാൻ നൽകിയതിൽ ദുരൂഹതയുണ്ട്. സ്പെഷല്‍ കമീഷണര്‍ ശബരിമലയില്‍ ഉണ്ടായിരുന്നിട്ടും അറിയിക്കാതെയാണ് ദ്വാരപാലക ശില്പം ചെന്നൈയിലേക്ക് കൊണ്ടുപോയത്.
ദ്വാരപാലക ശില്പത്തിലെ ഭാരത്തിന്റെ കുറവ് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ കേസെടുക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ദേവസ്വം വിജിലൻസ് അന്വേഷണം മാത്രമാണ് നടക്കുന്നത്. കൂടാതെ, വിജയ് മല്യ നൽകിയ സ്വർണത്തിന് എന്തുപറ്റിയെന്നതിലും വ്യക്തതയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയും സർക്കാറും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ കൂട്ടുകൃഷിയുടെ തുടർച്ചയാണ് ശബരിമലയിലെ സ്വർണക്കൊള്ളയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി, മുമ്പ് സുനിൽ സ്വാമി
ഉണ്ണികൃഷ്ണൻ പോറ്റിമാത്രമല്ല, ശബരിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വാധീനശക്തികൾ ധാരാളമുണ്ട്. ശബരിമലയിൽ എല്ലാം സ്പോൺസർമാരുടെ നിയന്ത്രണത്തിലാണ്. ഇവർക്ക് സ്വതന്ത്രവിഹാരത്തിന് ബോർഡ് മൗനാനുവാദം നൽകുന്നു. ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയാണെങ്കിൽ മുമ്പ് സുനിൽ സ്വാമിയായിരുന്നു ശബരിമലയിലെ വിവാദ നായകൻ.
കഴിഞ്ഞവർഷം ഡിസംബറിലാണ് വിവാദ വ്യവസായി സുനിൽ സ്വമിക്ക് ശബരിമലയിൽ എന്തിന് പ്രത്യേക പരിഗണന നൽകുന്നതെന്ന് ഹൈകോടതി ചോദിച്ചത്. മറ്റ് ഭക്തര്‍ക്ക് നല്‍കാത്ത പരിഗണന സുനില്‍ സ്വാമിക്ക് സന്നിധാനത്ത് നല്‍കരുതെന്നും വിര്‍ച്വല്‍ ക്യൂ വഴി സാധാരണ ഭക്തരെ പോലെമാത്രം അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചാല്‍ മതിയെന്നും സ്വമേധയ എടുത്ത കേസിൽ കോടതി പറഞ്ഞിരുന്നു.
ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം മുറി 10 വര്‍ഷമായി സുനില്‍ സ്വാമി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അന്ന് കോടതി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

