ശബരിമല സ്വർണപ്പാളി കേസ്: മാധ്യമങ്ങൾ സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: ശബരിമല സ്വർണപ്പാളി കേസിൽ കോടതി വിധികൾ റിപ്പോർട്ട് ചെയ്യുന്നത് തുടരാമെങ്കിലും മാധ്യമങ്ങൾ സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈകോടതി. കൃത്യതയില്ലാത്തതും സെൻസേഷനലുമായ റിപ്പോർട്ടിങ് പ്രതികൂല ഫലമുണ്ടാക്കും. ചിലപ്പോൾ അന്വേഷണത്തെയും വിചാരണയെയും നീതിനിർവഹണത്തെയും ബാധിക്കും. ഒരാളെ നിരപരാധിയെന്നോ കുറ്റക്കാരെന്നോ വിധിക്കേണ്ടത് ജുഡീഷ്യറിയാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതിയിൽ നേരിട്ട് ഹാജരായിരുന്ന അന്വേഷണത്തിന്റെ ചുമതലയുള്ള തൃശൂർ കെ.ഇ.പി.എ അസി. ഡയറക്ടർ എസ്. ശശിധരനിൽനിന്ന് ഡിവിഷൻ ബെഞ്ച് വിവരങ്ങൾ തേടി. നിർദിഷ്ട സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനായി ക്രൈംബ്രാഞ്ച് എസ്.പി പി. ബിജോയ്, ക്രൈംബ്രാഞ്ച് വയനാട് ഡിവൈ.എസ്.പി എസ്.എസ്. സുരേഷ് ബാബു, കെ.ഇ.പി.എ ഡിവൈ.എസ്.പി കെ.കെ. സജീവ് എന്നിവരെയും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെ കക്ഷി ചേർത്ത കോടതി ഇവരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു.
വിജിലൻസ് എസ്.പി സമർപ്പിച്ച റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉടൻ നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ബോർഡ് കൈമാറണം. കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി എച്ച്. വെങ്കടേശിന് പൊലീസ് മേധാവി നിർദേശം നൽകണമെന്നും കോടതി നിർദേശിച്ചു.
ക്രമക്കേട് കണ്ടെത്തിയ വസ്തുക്കളുടെ എല്ലാ രേഖകളും തയാറാക്കി സീൽ ചെയ്യുകയും ഒരു പകർപ്പ് ഹൈകോടതി രജിസ്ട്രാർ ജനറലിന് കൈമാറുകയും വേണം. വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പിന് ഹൈകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ സന്നിധാനത്തെത്തുമ്പോൾ പ്രവേശനത്തിന് മാധ്യമങ്ങൾക്ക് അനുമതി നൽകാതിരുന്ന അമിക്കസ്ക്യൂറി തീരുമാനം കോടതി ശരിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

