സ്വർണക്കൊള്ളക്ക് ദേവപ്രശ്നം മറയോ?
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവപ്രശ്നം മറയാക്കിയോയെന്ന് എസ്.ഐ.ടി പരിശോധന. 2018 ജൂൺ 15ന് നടന്ന ദേവപ്രശ്നത്തിൽ ശ്രീകോവിലിന്റെ വാതിലിലും കട്ടിളയിലും വൈകല്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. സ്വർണക്കൊള്ളക്ക് ഇത് മറയാക്കിയോ എന്നാണ് എസ്.ഐ.ടി സംശയം. ദേവപ്രശ്നം നടത്തിയവരിൽനിന്ന് വിവരം തേടും.
ശബരിമല ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടതുമായി ബന്ധപ്പെട്ടാണ് അഷ്ടമംഗലം ദേവപ്രശ്നം നടത്തിയത്. യോഗദണ്ഡിനും രുദ്രാക്ഷത്തിനും വൈകല്യമുണ്ട് എന്നും ചാർത്തലുണ്ട്. ദേവപ്രശ്നം നടന്ന മാസങ്ങൾക്ക് ശേഷമാണ് ശബരിമലയിൽ സ്വർണക്കടത്ത് ആരംഭിക്കുന്നത്. 2016ലെ ദേവപ്രശ്നത്തിലും പതിനെട്ടാംപടിക്ക് മുകളിൽ നിർമാണങ്ങളിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞിരുന്നു. ഇത് മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി ഇപ്പോഴുള്ള മേൽക്കൂര പണിഞ്ഞതെന്നാണ് സംശയം. ഈ മേൽക്കൂരയുടെ തൂണുകൾ പടിക്ക് താഴെ നിലപാടുതറയിൽ സ്ഥാപിച്ചിരിക്കുന്നത് ആചാരവിരുദ്ധമെന്ന് പിന്നീട് നടന്ന ദേവപ്രശ്നങ്ങളിലും പറയുന്നുണ്ട്. 1998ൽ സ്വർണം പൊതിഞ്ഞ വാതിൽ 2019 മാർച്ചിലാണ് മാറ്റി സ്ഥാപിച്ചത്. തുടർന്ന് കട്ടിളയിലെ പാളികളും മാറ്റി. ഇതിന്റെയെല്ലാം മറവിൽ സ്വർണക്കടത്തും നടന്നതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ദേവപ്രശ്ന ചാർത്ത് ഈ പ്രവർത്തനങ്ങൾക്ക് മറയാക്കി എന്ന് കരുതുന്നത്.
എസ്.ഐ.ടിക്ക് വീഴ്ച –പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും എസ്.ഐ.ടിക്ക് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് സ്വാഭാവിക ജാമ്യമാണ് മുരാരി ബാബുവിന് ലഭിച്ചത്. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് കുറ്റപത്രം വൈകിപ്പിക്കാന്‍ എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മര്‍ദം ചെലുത്തുകയാണ്.
കടകംപള്ളി സുരേന്ദ്രന് നല്കിയ മാനനഷ്ട കേസില്‍ നിലപാട് മാറ്റിയെന്നത് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ദ്വാരപാലക ശില്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് പറയണമെന്ന് ആവശ്യപ്പെട്ടതിനാണ് എനിക്കെതിരെ കേസ് കൊടുത്തത്. ആ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് കടകംപള്ളി നല്കിയ നോട്ടീസിന് മറുപടി നല്‍കിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
സ്വർണക്കൊള്ള യു.ഡി.എഫിനെ തിരിഞ്ഞുകൊത്തുന്നു –ബിനോയ് വിശ്വം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള യു.ഡി.എഫിനെ തിരിഞ്ഞുകൊത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ ഫോട്ടോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ശബരിമലയിലെ സ്വത്ത് അപഹരിച്ചവരോട് എൽ.ഡി.എഫ് സർക്കാർ സന്ധിചെയ്യില്ലെന്നും ബിനോയ്വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. വലിയ മല ചുണ്ടെലിയെപ്പോലും പ്രസവിക്കാത്ത അവസ്ഥയാണ്. പ്രഖ്യാപിച്ച മാസ്റ്റർപ്ലാനും ബ്ലൂ പ്രിന്റുമൊന്നും ഉണ്ടായില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുൻനിരയിലുണ്ടാകേണ്ട മേയർക്കുപോലും അവസരം നൽകിയില്ല. സ്വന്തം നേതാക്കളെപ്പോലും ആട്ടിയകറ്റുന്ന സ്വേച്ഛാധിപത്യത്തിന്റെ കേന്ദ്രമായി പ്രധാനമന്ത്രിയുടെ ഓഫിസ് മാറി. മേയറായി ചൂണ്ടിക്കാട്ടിയ മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ സ്ഥിതി അതിലും കഷ്ടമായി. ബി.ജെ.പി രാഷ്ട്രീയത്തിന്റെ യഥാർഥ മുഖമാണ് ഇതിലെല്ലാം തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

