ശബരിമല സ്വർണക്കൊള്ള, രാഹുൽ, പി.എം ശ്രീ... പ്രചാരണത്തിൽ കത്തിനിന്നത് രാഷ്ട്രിയ വിവാദങ്ങൾ
text_fieldsതിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട ഒരുക്കത്തിനും പ്രചാരണ കോലാഹലങ്ങൾക്കുമൊടുവിൽ സംസ്ഥാനത്തെ പകുതി ജില്ലകൾ ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രചാരണ ഗോദയിൽ നിറഞ്ഞത് ഏറെയും രാഷ്ട്രീയ വിവാദങ്ങൾ. ശബരിമല സ്വർണക്കൊള്ള സർക്കാറിനെതിരെ പ്രതിപക്ഷം ബ്രഹ്മാസ്ത്രമാക്കിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസാണ് ഭരണപക്ഷം പ്രധാന ആയുധമാക്കിയത്.
പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ സാമൂഹികസുരക്ഷ പദ്ധതികളുടെ പ്രഖ്യാപനവും ക്ഷേമപെൻഷൻ വർധിപ്പിക്കലും സർക്കാർ പ്രചാരണത്തിന് ഉപയോഗിച്ചു. ഇതിനിടെ പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭയും ഇടതുമുന്നണയും അറിയാതെ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ട വിവാദം ഉയർന്നു. പിന്നാലെ ശബരിമല സ്വർണക്കടത്ത് കേസിൽ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ എ. പത്മകുമാർ, സി.പി.എം നോമിനിയായി ദേവസ്വം ബോർഡ് പ്രസിഡൻറ് പദവിയിലെത്തിയ എൻ. വാസു അടക്കമുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
നേതാക്കൾ അകത്തായതോടെ പ്രചാരണഗോദയിൽ സി.പി.എം വിയർത്തു. യു.ഡി.എഫ്-വെൽഫെയർ പാർട്ടി ബന്ധം ആരോപിച്ച് സി.പി.എം കേന്ദ്രങ്ങൾ പ്രചാരണം ആരംഭിച്ചു. ഇതിനിടെ നേരത്തെ രാഹുൽ മാങ്കൂട്ടത്തലിനെതിരെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളുടെ ഉടമ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും രാഹുൽ ഒളിവിൽ പോവുകയും ചെയ്തതോടെ പ്രചാരണത്തിൽ ഇത് സി.പി.എം ആളിക്കത്തിച്ചു. പിന്നാലെ രാഹുലിനെ പുറത്താക്കി കോൺഗ്രസ് പ്രതിരോധം തീർത്തു. സമാന കേസ് നേരിടുന്ന എം. മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ സി.പി.എം നടപടി എടുക്കാത്തത് യു.ഡി.എഫ് ആയുധമാക്കി. പിന്നാലെ പ്രചാരണം വീണ്ടും ശബരിമല സ്വർണക്കൊള്ളയിലെത്തിക്കാൻ യു.ഡി.എഫ് ശ്രമിച്ചു.
പി.എം ശ്രീ പദ്ധതി ഒപ്പിടുന്നതിൽ ജോൺ ബ്രിട്ടാസ് എം.പി കേരള സർക്കാറിനും കേന്ദ്രത്തിനുമിടയിൽ പാലമായി നിന്നെന്ന് പാർലമെന്‍റിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ നടത്തിയ വെളിപ്പെടുത്തൽ യു.ഡി.എഫിന് വീണുകിട്ടിയ ആയുധമായി. ആദ്യഘട്ട പ്രചാരണം അവസാനിക്കുന്ന ദിവസത്തിൽ, മുമ്പ് ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ തുറന്നുപറച്ചിൽ യു.ഡി.എഫ് ഏറ്റുപിടിച്ചു. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിൽ പ്രാദേശിക വികസന പ്രശ്നങ്ങളുൾപ്പെടെ ചർച്ചയായെങ്കിലും പൊതുചർച്ചയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തന്നെയാണ് കത്തിനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

