ശബരിമല സ്വർണക്കൊള്ള പി.എസ്. പ്രശാന്തും പ്രതിയായേക്കും
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. ഇതോടെ എ. പത്മകുമാറിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും രണ്ടു അംഗങ്ങളുമടക്കം പ്രതികളാകുമെന്ന് സൂചന.
2025ൽ ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ മാറ്റിയ സംഭവത്തിലാണ് അന്നത്തെ ഇടതു ഭരണസമിതി അംഗങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പുതിയ കേസെടുക്കാൻ എസ്.ഐ.ടി നീക്കം.
കഴിഞ്ഞ ദിവസം എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഭരണസമിതി അംഗങ്ങളായ തിരുവാഭരണം കമീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവർക്ക് പുറമെ തന്ത്രി രാജീവര് കണ്ഠരര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങി ഒമ്പതുപേരാണ് പ്രതിസ്ഥാനത്തുള്ളത്.
2025 സെപ്റ്റംബറിൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ നിറം മങ്ങിയെന്നു ചൂണ്ടിക്കാട്ടി നവീകരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയിരുന്നു. ഹൈകോടതി നിയോഗിച്ച സ്പെഷൽ കമീഷണറെ അറിയിക്കാതെയാണിത്.
ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ ഇടപാടിൽ തന്ത്രിക്കും ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചു. ഇതിൽ ഗൂഢാലോചന സംശയിക്കുന്നു. 2019ലെ വീഴ്ച മറയ്ക്കാനാണോ 2025ലെ സ്വർണപ്പാളി മാറ്റലെന്ന് സംശയിക്കുന്നതായും എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
സന്തോഷ് കുമാറിനെതിരെ അന്വേഷണം വേണമെന്ന് മന്ത്രി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സന്തോഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ എസ്.ഐ.ടിക്ക് കത്ത് നൽകി. പി.എസ്. പ്രശാന്ത് പ്രസിഡന്റായിരിക്കെ ബോർഡ് അംഗമായിരുന്നു സന്തോഷ്. 2025ൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി മാറ്റാൻ തീരുമാനമെടുത്ത ബോർഡ് യോഗത്തിൽ സന്തോഷും പങ്കെടുത്തതായും ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നുമാണ് കത്തിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

