ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്; ക്രമക്കേട് കണ്ടെത്താനായില്ല, കേസ് അവസാനിപ്പിച്ച് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈകോടതി. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്നും കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു.
സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭവാന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എ.എസ്.പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രശീതും നൽകിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2017ൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റും അജയ് തറയിൽ അംഗവുമായിരുന്ന ദേവസ്വം ബോർഡിന്‍റെ കാലത്താണ് കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. 2019ലെ ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് നേതാവ് പ്രസിഡന്‍റായ കാലത്തെ സ്വർണക്കൊടിമര പ്രതിഷ്ഠ ക്രമക്കേട് ആരോപണം ഉയർന്നത്. ഇതോടെ കോടതി നിർദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. ഹൈകോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷന്‍റെ മേൽനോട്ടത്തിലാണ് കൊടിമര പുനഃപ്രതിഷ്ഠ നടന്നത്.
കൊടിമരത്തിന് സംഭാവനയായി ലഭിച്ച സ്വർണം അഡ്വക്കറ്റ് കമീഷൻ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും കൃത്യമായ രശീത് പോലും നൽകിയിട്ടില്ലെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രത്യേക സംഘം രൂപവത്കരിച്ച് ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

