Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല കൊടിമര നിർമാണം:...

ശബരിമല കൊടിമര നിർമാണം: 19 പേരുടെ മൊഴിയെടുത്ത് വിജിലൻസ്

text_fields
bookmark_border
ശബരിമല കൊടിമര നിർമാണം: 19 പേരുടെ മൊഴിയെടുത്ത് വിജിലൻസ്
cancel

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച വിജിലൻസ് അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സ്വർണം സംഭാവന നൽകിയ 19 പേരുടെ മൊഴി രേഖപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് കേസിൽ വ്യക്തത വരുത്താനാണ് നീക്കം. കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ പുറത്തുവരുന്നില്ല. നടൻ മോഹൻലാൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ മൊഴിയെടുക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഔദ്യോഗിക തിരക്ക് കാരണം സുരേഷ്ഗോപിയുടെ മൊഴിയെടുക്കാനായില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. 22ന് ശേഷം സമയം അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകിയിരുന്നു. നാണയ രൂപത്തിൽ സ്വർണം നൽകിയെന്നാണ് അവരുടെ മൊഴി. കൊടിമര പുനർനിർമാണത്തിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമീഷൻ എ.എസ്.പി കുറുപ്പ് ചട്ടംലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്‍റെ കണക്ക്. 2017ൽ ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോള്‍ ഹൈകോടതിയാണ് അഭിഭാഷക കമീഷനെ നിയോഗിച്ചത്. ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നു കോടി രൂപ നൽകിയത്. ഇതുകൂടാതെ ഭക്തരിൽനിന്ന് സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു.

സ്വർണം സ്വീകരിക്കേണ്ടിയിരുന്നത് എക്സിക്യൂട്ടീവ് ഓഫിസറാണ്. എന്നാൽ, അഭിഭാഷക കമീഷനായ എ.എസ്.പി കുറുപ്പാണ് പലരിൽ നിന്നും സ്വർണം വാങ്ങിയത്. സംഭാവന കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്നും മറ്റ് ചിലയിടത്ത് ചില പേരുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ 27 ആളുകളുടെ പേരും കുറുപ്പ് പറഞ്ഞിരുന്നു. 9573.01 ഗ്രാം സ്വർണമാണ് ആകെ കിട്ടിയത്. 9340.200 സ്വർണം കൊടിമരത്തിൽ പൂശിയ ശേഷം ബാക്കി വന്ന സ്വർണം എന്തു ചെയ്തെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം വേണമെന്നായിരുന്നു ദേവസ്വം വിജിലൻസ് എസ്.പി സുനിലിന്‍റെ റിപ്പോർട്ട്. സമാന കണ്ടെത്തലുമായി എസ്.ഐ.ടിയും റിപ്പോർട്ട് നൽകി. ബാക്കി സ്വർണം താഴികക്കുടത്തിൽ പൂശാൻ ഉപയോഗിച്ചുവെന്നാണ് അഭിഭാഷക കമീഷൻ ഹൈകോടതിയെ അറിയിച്ചത്.

ജാമ്യ ഉത്തരവ് പുറത്ത്; തന്ത്രിക്കെതിരെ എസ്.ഐ.ടിക്ക് തെളിവില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ എസ്.ഐ.ടിക്ക് കഴിഞ്ഞില്ലെന്ന് കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി. ബുധനാഴ്ച ജാമ്യം നേടി തന്ത്രി പുറത്തിറങ്ങിയെങ്കിലും 94 പേജുള്ള വിധിപ്പകർപ്പ് വ്യാഴാഴ്ചയാണ് പുറത്തുവന്നത്.

തന്ത്രിക്കും ബന്ധുക്കൾക്കും അനധികൃത നിക്ഷേപമുണ്ടെന്നായിരുന്നു എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ. ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപം സംബന്ധിച്ച് അവർ ഉന്നയിച്ച വാദം 2006ൽ നടന്നതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശബരിമല സ്വർണാപഹരണ കേസുകൾ 2019ലാണ് നടന്നത്. തന്ത്രിമാർ ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിൽ ഇടപെടരുതെന്ന ഹൈകോടതി വിധികളും വിജിലൻസ് കോടതി കണക്കിലെടുത്തു. ഈ വിധിയുടെ പശ്ചാത്തലത്തിൽ തന്ത്രിയുടെ അറസ്റ്റ് വരെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതല ദേവസ്വം ബോർഡിനാണ്.

പൂജകൾ ഉൾപ്പെടെയുള്ള താന്ത്രിക കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാന പ്രതിയാണ് കണ്ഠര് രാജീവരെന്നും എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു എസ്.ഐ.ടിയുടെ വാദം. എന്നാൽ, ഈ വാദം വിജിലൻസ് കോടതി പാടേ തള്ളി.

ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യപൂജാരിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എങ്ങനെ തെളിയിക്കാനാകുമെന്നാണ് കോടതിയുടെ ചോദ്യം. തന്ത്രിക്ക് ദേവസ്വം ബോർഡ് തീരുമാനങ്ങളെ മറികടക്കാൻ കഴിയില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യാവസ്ഥയും മതപരമായി നിർവഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsSabarimala
News Summary - Sabarimala flagpole construction: Vigilance records statements of 19 people
Next Story