ശബരിമലയിൽ പരിസ്ഥിതി സൗഹൃദ തീർഥാടനത്തിന് നടപടി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാത്തവിധം തീർഥാടനം ഒരുക്കാൻ നടപടി സ്വീകരിക്കും. തീർഥാടകർ പ്ലാസ്റ്റിക് ഒഴിവാക്കണം. ഇതുസംബന്ധിച്ച് ഇതരസംസ്ഥാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകണം. എരുമേലി അഴുതക്കടവ് വഴി വരുന്ന ഭക്തർ വൈകീട്ട് മൂന്നിന് മുമ്പ് വനമേഖല കടക്കണമെന്നും അറിയിപ്പ് കൊടുക്കണം. ഇതരസംസ്ഥാന തീർഥാടകർ വിർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തണം. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ബജറ്റിൽ നീക്കിെവച്ച 25 കോടി രൂപക്ക് പുറമെ അധിക ഫണ്ട് നൽകും.
പമ്പയിൽ വിവിധ സംസ്ഥാനങ്ങളുടെ സംയുക്ത കൺട്രോൾ റൂം വേണം. തീർഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കാൻ ദേവസ്വം ബോർഡും വാട്ടർ അതോറിറ്റിയും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ അനുവദിക്കില്ല. എരുമേലി, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിലും വാട്ടർ കിയോസ്കുകൾ ഉണ്ടാവും. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ആശുപത്രി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
നിലയ്ക്കലാണ് ബേസ് ക്യാെമ്പന്നും ഇവിടെനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ ഇതരഭാഷകളിലുള്ള അടയാളബോർഡുകളും പ്രധാനകേന്ദ്രങ്ങളിൽ ഇൻഫർമേഷൻ കൗണ്ടറുകളും സ്ഥാപിക്കണമെന്ന് ആന്ധ്രപ്രദേശ് എൻഡോവ്മെൻറ് വകുപ്പ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവുവും പുതുച്ചേരി കാർഷികകർഷകക്ഷേമ വകുപ്പ് മന്ത്രി ആർ. കമലക്കണ്ണനും നിർദേശിച്ചു. പമ്പയെ മലിനമാക്കരുതെന്നും പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുമുള്ള അറിയിപ്പ് നൽകുമെന്ന് തമിഴ്നാട് മന്ത്രി സെവ്വൂർ എസ്. രാമചന്ദ്രൻ പറഞ്ഞു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
