ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടപടി. റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി അറിയുന്നു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തയാറാക്കിയ ഔദ്യോഗിക രേഖകളുൾപ്പെടെ വിവിധ ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഔദ്യോഗിക ശിപാർശകൾ, ഉത്തരവുകൾ, കത്തിടപാടുകൾ, സ്വകാര്യ ജ്വല്ലറികളുടെ ഇൻവോയ്സുകൾ, പണമടച്ച രേഖകൾ, രാസവസ്തുക്കൾ വേർതിരിച്ചെടുക്കൽ, പുനർനിർമാണം എന്നിവയുമായി ബന്ധപ്പെട്ട വാറന്റി സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്ന രേഖകളും പിടിച്ചെടുത്തു.
ദ്വാരപാലക വിഗ്രഹ ഭാഗങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ, സ്വർണം പൊതിഞ്ഞ പുരാവസ്തുക്കൾ തുടങ്ങിയവ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി ചിത്രീകരിച്ച് അനധികൃതമായി നീക്കം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പുരാവസ്തുക്കൾ പിന്നീട് ചെന്നൈയിലെയും കർണാടകയിലെയും സ്മാർട്ട് ക്രിയേഷൻസ്, റോഡാം ജ്വല്ലേഴ്സ് എന്നിവയുൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അവിടെ അറ്റകുറ്റപ്പണികളുടെ മറവിൽ രാസപ്രക്രിയ വഴി സ്വർണം വേർതിരിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത സ്വർണവും അനുബന്ധ സ്വത്തുക്കളും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്നും അവ പ്രതികൾ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. കൊച്ചി സോണൽ ഓഫിസിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.
നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്തില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടും -ഹൈകോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണ വ്യാപാരി ഗോവർധൻ, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. ദേവന്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയടിച്ചത് അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സ്വർണം കൈമാറ്റം ചെയ്യപ്പെട്ടതെങ്ങിനെയെന്ന കണ്ടെത്തലിന് പുറമെ വീണ്ടെടുക്കാനുള്ള നടപടികളുണ്ടാവണമെന്നും അല്ലാത്തപക്ഷം പ്രതികൾ രക്ഷപ്പെടുമെന്നും ഉത്തരവിൽ പറയുന്നു.
ദ്വാരപാലക ശില്പങ്ങളിലെയും ശ്രീകോവിൽ വാതിൽപാളിയിലെയും സ്വർണപ്പാളികൾ ചെമ്പെന്ന പേരിൽ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാൻ ഒത്താശ ചെയ്തതിലൂടെ സ്വർണക്കടത്തിൽ പങ്കാളിയായെന്നാണ് പത്മകുമാറിനെതിരായ കേസ്. ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പത്മകുമാറിന്റെ വാദം. യു.ബി ഗ്രൂപ്പ് നൽകിയ വാതിലിന് വിടവുള്ളതിനാൽ പണിത് നൽകിയതിലൂടെ 1.40 കോടി രൂപ ചെലവഴിച്ച തന്നെ പ്രതിയാക്കി ജയിലലടച്ചിരിക്കുന്നു എന്നായിരുന്നു സ്വർണ വ്യാപാരിയായ കർണാടക സ്വദേശി ഗോവർധന്റെ പരാതി. വാതിൽ പാളിയിൽ നിന്ന് ഉരുക്കിനീക്കിയ സ്വർണത്തിന്റെ വിലയായി 14 ലക്ഷം രൂപ ആദ്യം നൽകിയതിന് പുറമെ കേസ് വന്നപ്പോൾ സ്വർണവും തിരികെ നൽകിയെന്ന് ഗോവർധൻ വാദിച്ചു.
മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നുമായിരുന്നു മുരാരി ബാബുവിന്റെ വാദം.
എന്നാൽ, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിലും, സ്വർണപ്പാളി മോഷണക്കേസിലും ഇവരുടെ പങ്ക് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു കേസുകളിലായി 4147 ഗ്രാം സ്വർണമാണ് അപഹരിച്ചത്. ഇതിൽ ഗോവർധനിൽ നിന്ന് 474.960 ഗ്രാം കണ്ടെടുത്തു. അന്വേഷണ സംഘത്തന്റെ റിപ്പോർട്ട് പ്രകാരം രണ്ടു ദ്വാരപാലക വിഗ്രഹങ്ങളിൽ 1564.190 ഗ്രാം സ്വർണവും കട്ടിളപ്പാളികളിലും മറ്റുമായി 4302.660 ഗ്രാം സ്വർണവും പൂശിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

