ശബരിമലയിൽ 15 ദിവസത്തെ വരുമാനം 92 കോടി
text_fieldsശബരിമല: ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയാണ് ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി; 18.18 ശതമാനം വർധന. ഈ സീസണിൽ 13 ലക്ഷത്തോളം തീർഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
അതേസമയം, അന്നദാനത്തിന് ഇന്ന് മുതൽ സദ്യ നൽകുമെന്ന വാഗ്ദാനത്തിൽ നിന്ന് ദേവസ്വം ബോർഡ് പിൻമാറി. സദ്യക്ക് വേണ്ട സാധനങ്ങൾ ടെണ്ടർ ഇല്ലാതെ വാങ്ങേണ്ടി വരുന്നതടക്കം സാങ്കേതിക പ്രശ്നങ്ങൾ ബോർഡ് അംഗങ്ങൾ ഉന്നയിച്ചതാണ് തീരുമാനം പിൻവലിക്കാൻ കാരണം. നിലവിൽ അന്നദാനത്തിന് പുലാവും സാമ്പാറുമാണ് നൽകുന്നത്. ഇത് ഈ സീസൺ മുഴുവൻ നൽകാൻ നേരത്തെ തന്നെ കരാർ ആയിരുന്നു.
ഇടക്ക്വെച്ച് സദ്യ തുടങ്ങിയാൽ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങളും മറ്റും ദേവസ്വം കമീഷണറുടെ നേതൃത്വത്തിലെ കമ്മിറ്റി പഠിച്ച് റിപ്പോർട്ട് നൽകിയ ശേഷമാകും ഇനി സദ്യ വേണോ എന്ന് തീരുമാനിക്കക. ഈ മാസം അഞ്ചിന് നടക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ഏകപക്ഷീയമായാണ് പ്രസിഡന്‍റ് സദ്യ പ്രഖ്യാപനം നടത്തിയതെന്ന് ബോർഡ് അംഗം സന്തോഷ് കുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

