ദ്വാരപാലക ശിൽപപ്പാളികൾ മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായി വെളിപ്പെടുത്തൽ
text_fieldsപത്തനംതിട്ട: ദ്വാരപാലക ശിൽപപ്പാളികൾ ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിനിടെ മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായി വെളിപ്പെടുത്തൽ. ഇതിനൊപ്പം ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പണപ്പിരിവിന്റെ വിവരങ്ങളും പുറത്തുവന്നു. ദ്വാരപാലക ശിൽപം സ്വർണം പൂശുന്നതിനായി ബംഗളൂരുവിൽ വ്യവസായിയായിരുന്ന അജികുമാർ 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരൻ അനിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. അജികുമാർ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കോവിഡിനെ തുടർന്ന് 2020ൽ അജികുമാർ മരിച്ചു. കൂടാതെ ദ്വാരപാലക ശിൽപങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും അനിൽ പറഞ്ഞു.
ഇവ ചെന്നൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴ പെരളിമറ്റത്തെ അജികുമാറിന്റെ കുടുംബവീട്ടിൽ എത്തിച്ചത്. ഒരു രാത്രിയും പകലും ഇവിടെ സൂക്ഷിച്ച് പൂജകളും നടത്തി. ഇതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് സന്നിധാനത്തേക്ക് എത്തിച്ചത്. അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ 35 ലക്ഷം രൂപ അജികുമാർ മുടക്കിയതെന്നും അനിൽ പറഞ്ഞു.
നേരത്തെ, ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വാതിൽ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെത്തിച്ച് നടൻ ജയറാം, ഗായകന്‍ വീരമണി രാജു എന്നിവരെ പങ്കെടുപ്പിച്ച് പൂജ നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്വര്‍ണം പൂശാനായി ചെന്നൈയിൽ കൊണ്ടുപോയ വാതിൽ ഉപയോഗിച്ചായിരുന്നു അമ്പത്തൂർ ഫാക്ടറിയിലെ പൂജ ചടങ്ങ്. ഇതിന്‍റെ ചില ഭാഗങ്ങൾ ജയറാമിന്‍റെ വീട്ടിലെ പൂജാമുറിയിലുമെത്തിച്ചു. ഈ വാതിൽ ബംഗളൂരുവിൽ എത്തിച്ച് പൂജ നടത്തിയ വിവരങ്ങളും പുറത്തുവന്നിരുന്നു.
പണപ്പിരിവ് ലക്ഷ്യമിട്ടാണ് പലയിടത്തും വാതിലും കട്ടളപ്പടിയും എത്തിച്ചതെന്നാണ് സൂചന. സമാനരീതിയിൽ ദ്വാരകപാലക ശിൽപത്തിന്‍റെ പാളികളും ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവിലെ ക്ഷേത്രത്തിലടക്കം പലയിടങ്ങളിലും എത്തിച്ചിരുന്നു. അഴിച്ചെടുത്ത് ഒരു മാസത്തിനുശേഷമാണ് പാളികൾ സ്വര്‍ണം പൂശാനായി 2019ൽ ചെന്നൈയിലെത്തിച്ചതെന്ന് ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു.
2019ൽ ശ്രീകോവില്‍ വാതിൽ അടയുന്നില്ലെന്ന് തന്ത്രിമാർ അറിയിച്ചതോടെയാണ് പുതിയത് നിർമിക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചത്. തേക്ക് തടിയിൽ തീർത്ത ഇവയിൽ സ്വർണം പൊതിയാൻ തയാറാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ബോർഡിനെ അറിയിച്ചു. തുടർന്ന് നടവാതിൽ സ്വർണം പൊതിയാനായി ചെന്നൈയിൽ കൊണ്ടുപോകുകയായിരുന്നു. ഉണ്ണികൃഷ്ണനടക്കം അഞ്ച് പേർ ചേർന്നായിരുന്നു വാതിലിൽ സ്വർണം പൂശുന്നതിനുള്ള സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ചെമ്പ് പാളികൾ ഉറപ്പിച്ചശേഷം ഇതിനുമുകളിൽ സ്വർണം പൂശുകയായിരുന്നു. ഈ ജോലികൾ പൂർത്തിയാക്കിയശേഷമായിരുന്നു പ്രമുഖരെ പങ്കെടുപ്പിച്ചുളള പൂജ ചടങ്ങുകൾ.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ചാണ് പൂജ ചടങ്ങിൽ പോയതെന്ന് ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള പരിചയമാണ്. വീരമണിയെ ക്ഷണിച്ചത് ഞാനാണ്. മഹാഭാഗ്യമായാണ് അന്ന് കരുതിയത എന്നും ജയറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

