ശബരിമല: തപാല്‍വഴി പ്രസാദവിതരണം വന്‍ വിജയം
text_fieldsശബരിമല: തപാല്‍ മുഖേന ശബരിമലയിലെ പ്രസാദങ്ങൾ ഭക്തര്‍ക്ക് വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതി വന്‍വിജയത്തിലേക്ക്. കോവിഡിെൻറ പശ്ചാത്തലത്തില്‍ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തപാല്‍വഴി പ്രസാദവിതരണം ആരംഭിച്ചത്. മണ്ഡലകാലത്ത് ഇതുവരെ 1,10,88,900 രൂപയാണ് പ്രസാദവിതരണത്തിലൂടെ ലഭിച്ചത്. ഇതില്‍ 61,60,500 രൂപ ദേവസ്വം ബോര്‍ഡിനും 49,28,400 രൂപ തപാല്‍വകുപ്പിനും ലഭിച്ചു. 24,642 പ്രസാദ കിറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തുകഴിഞ്ഞു.
കോവിഡിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഭക്തര്‍ക്ക് പ്രസാദം എത്തിച്ച് നല്‍കണമെന്ന ഉദ്ദേശ്യത്തോടെ തപാല്‍ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിലുള്ളത്. ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കേടുവരാന്‍ സാധ്യതയുള്ളതിനാല്‍ കിറ്റില്‍നിന്ന് അപ്പം ഒഴിവാക്കി. പോസ്റ്റ് ഓഫിസ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് അരവണപ്രസാദം സ്പീഡ് പോസ്റ്റിലൂടെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പോസ്റ്റ്മാന് വീടുകളിലെത്തിച്ച് നല്‍കും. പോസ്റ്റ് ഓഫിസുകളില്‍ പണമടച്ചാണ് അരവണപ്രസാദം ബുക്ക് ചെയ്യേണ്ടത്. ഇതിന് പ്രത്യേക അപേക്ഷഫോറം രാജ്യമെമ്പാടുമുള്ള പോസ്റ്റ് ഓഫിസുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
450 രൂപയാണ് ബുക്കിങ് ചാര്‍ജ്. ഇതില്‍ 250 രൂപയാണ് അരവണ നിര്‍മിച്ച് കൈമാറുന്ന ദേവസ്വം ബോര്‍ഡിന് ലഭിക്കുക. പാർസല്‍, ട്രാന്സ്പോര്ട്ടേഷന് ഇനങ്ങളില്‍ 200 രൂപ തപാല്‍ വകുപ്പിനാണ്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബുക്കിങ്ങിെൻറ വിശദാംശങ്ങള്‍ പമ്പ ത്രിവേണിയിലെ പോസ്റ്റ് ഓഫിസിലാണ് ലഭിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തില്‍ ഇവിടെനിന്ന് ഇ-മെയില്‍ വഴി സന്നിധാനത്തെ ദേവസ്വം ഓഫിസിലേക്ക് ഓര്‍ഡര്‍ നല്‍കും. ഇതിന് ദേവസ്വം ഓഫിസില്‍ നിന്ന് അനുമതി നല്‍കുന്നതോടെ സന്നിധാനത്തെ പ്ലാൻറില്‍ അരവണ നിര്‍മിച്ച് ടിന്നിലാക്കും. ഇതോടൊപ്പം നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി എന്നിവയും പ്രത്യേകം പാക്ക് ചെയ്യും. ക്ഷേത്രത്തില്‍നിന്ന് നല്കുന്നതുപോലെതന്നെ അര്‍ച്ചനപ്രസാദം ഇലയില്‍ പൊതിഞ്ഞാണ് കിറ്റില്‍ നിറക്കുന്നത്. ഇവ സന്നിധാനത്തുനിന്ന് പമ്പ ത്രിവേണി പോസ്റ്റ് ഓഫിസിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിക്കും. ഇവിടെനിന്ന് ബുക്ക് ചെയ്തവര്‍ക്ക് തപാല്‍ വകുപ്പ് പ്രസാദമെത്തിച്ച് നല്‍കും.
തപാല്‍ മുഖേനയുള്ള പ്രസാദ വിതരണത്തിന് മികച്ച പ്രതികരണമാണ് ഭക്തരില്‍നിന്ന് ലഭിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. തിരുമേനി പറഞ്ഞു. വരും വര്‍ഷങ്ങളിലും പദ്ധതി തുടരാനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

