ആചാര ലംഘനം: ശങ്കരദാസിനെ നീക്കണമെന്ന് ഹരജി
text_fieldsകൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജികൾ. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ഗുരുതര ആചാരലംഘനമാണെന്നുകാണിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, ചേർത്തല സ്വദേശി ആർ. ബാലകൃഷ്ണൻ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
ദേവസ്വം ബോർഡ് അംഗമായിരിക്കെ ആചാരലംഘനം നടത്തിയത് ഗുരുതര തെറ്റാണെന്ന് ഹരജികളിൽ പറയുന്നു. നവംബർ ആറ്, ഏഴ് തീയതികളിലെ ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കുന്നതിനിടെയാണ് ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത്. ഇത് ആചാര ലംഘനമാണ്. അതിനാൽ ബോർഡ് അംഗമായി തുടരാൻ അർഹതയില്ല. അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കാൻ സർക്കാറിനും ദേവസ്വം ബോർഡിനും നിർദേശം നൽകണമെന്ന് ഹരജികളിൽ ആവശ്യപ്പെട്ടു.
