ശബരിമല കേസിൽ ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശബരിമല കേസിൽ അപ്രസക്തവും വിഷയത്തിന് പുറത്തുള്ളതുമായ വാദം നടത്തിയ ബി.ജെ.പി നേതാവും പ്രമാദ കേസുകളിൽ സംഘ്പരിവാറിന്റെ പതിവ് വ്യവഹാരിയുമായ അഡ്വ. അശ്വനി കുമാർ ഉപാധ്യായയെ സുപ്രീംകോടതി ശാസിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ വാദം പരിമിതപ്പെടുത്താൻ ഒമ്പതംഗ ബെഞ്ച് അശ്വിനി ഉപാധ്യായയോട് നിരവധി തവണ ആവശ്യപ്പെട്ടു.
‘ഹിന്ദു ധർമം’ മറ്റു മതങ്ങളേക്കാൾ വലുതാണെന്നും മതങ്ങളാണ് സംഘട്ടനങ്ങളുടെ ഉറവിടമെന്നും 2000 വർഷംകൊണ്ട് ഭാരതം 25 കഷണങ്ങളായി മുറിക്കപ്പെട്ടുവെന്നും 200 വർഷത്തിനിടയിൽ ഭാരതം ഏഴ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടുവെന്നുമെല്ലാമായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.
ഓരോ പ്രവൃത്തിക്കും പ്രതികരണമുണ്ടാകുമെന്നും ശബരിമല വിധിയുടെ പ്രത്യാഘാതങ്ങൾ കാണേണ്ടിവരുമെന്നും ഉപാധ്യായ ഓർമിപ്പിച്ചു. അടുത്ത 25 വർഷത്തിനുള്ളിൽ നാം ചൈന, സിംഗപ്പൂർ അല്ലെങ്കിൽ ജപ്പാൻ പോലുള്ള ശാസ്ത്രീയമായി സംയോജിക്കപ്പെട്ട രാജ്യമായി മാറുമോ അതല്ല പാകിസ്താനോ അഫ്ഗാനിസ്താനോ ബംഗ്ലാദേശോ ആയി മാറുമോ എന്നതാണ് ചോദ്യം. ഇന്ത്യൻ ഭരണഘടന കടമെടുത്ത ചില പാശ്ചാത്യ ഭരണഘടനകളിൽപോലും മതം പ്രചരിപ്പിക്കാനുള്ള അവകാശം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമായണം, വിഷ്ണു പുരാണം, ഭഗവദ്ഗീത എന്നിവയുടെ പകർപ്പുകൾ കോടതിയിൽ പ്രദർശിപ്പിച്ച അദ്ദേഹം, ഈ ഗ്രന്ഥങ്ങളിലൊന്നും അവരെ പിന്തുടരാത്ത ഒരാൾ നരകത്തിൽ പോകുമെന്ന് പ്രസ്താവിക്കുന്നില്ലെന്ന് വാദിച്ചപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന വിഷയത്തിനപ്പുറത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ജസ്റ്റിസ് മഹാദേവൻ ഇടപെട്ടു. എല്ലാവരും തുല്യരാണെന്നും കോടതിയിൽ വന്ന് ഒന്ന് മറ്റൊന്നിന് മുകളിലാണെന്ന് പറയരുതെന്നും ജസ്റ്റിസ് നാഗരത്ന പ്രതികരിച്ചു. തുടർന്ന് ഉപാധ്യായ വീണ്ടും ഹിന്ദു മതഗ്രന്ഥങ്ങൾ കാണിച്ച് ആദ്യത്തെ അവകാശവാദം ആവർത്തിച്ചതോടെ നിങ്ങളെ തടയേണ്ടിവരുമെന്ന് പറഞ്ഞ് ജസ്റ്റിസ് അമാനുല്ലയും ഇടപെട്ടു.
എല്ലാ മതങ്ങൾക്കും അതിന്റേതായ ധർമമുണ്ടെന്നും ഒരു മതവും മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ലെന്നും എല്ലാവരും തുല്യരാണെന്നും കോടതി ഇത്തരം വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജസ്റ്റിസ് നാഗരത്ന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

