തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വ നിയമഭേദഗതി എന്നീ വിഷയങ്ങളിൽ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സർക്കാർ തലത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സബ്മിഷനിണ് മുഖ്യമന്ത്രിയുടെ മറുപടി.
കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ സർക്കാറിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 836 കേസുകളിൽ 13 കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചതെന്ന് വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2636 കേസുകളാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത്.
ക്രിമിനൽ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കേണ്ടതില്ല. മറ്റു കേസുകളിൽ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.