ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശം, സർക്കാറിന്‍റെ ഹരജി തള്ളി
text_fieldsകോട്ടയം: ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശത്തിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. ഭൂമിയുടെ അവകാശം സംബന്ധിച്ച ഹരജി പാലാ സബ് കോടതി തള്ളി. അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേയും ഹാരിസൺ മലയാളത്തിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് സർക്കാറിന്‍റെ ഹരജി കോടതി തള്ളിയത്.
ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ ഭൂമിയാണ് കണ്ടെത്തിയത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള 2263 ഏക്കർ ഭൂമി സംബന്ധിച്ച് സർക്കാരും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റും തമ്മിൽ ഉടമസ്ഥാവകാശ തർക്കമുണ്ടായി. സ്വന്തം ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്.
ഇതിനിടെ ഭൂമി ഹാരിസൺ മലയാളം കമ്പനിയിൽനിന്ന് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് 2005ൽ അയന ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി. വിദേശകമ്പനികളുടേയും വ്യക്തികളുടേയും ഭൂമി ഏറ്റെടുക്കണമെന്ന് എം.ജി രാജമാണിക്യം കമീഷൻ റിപ്പോർട്ടിനെതിരെ ഹാരിസൺ മലയാളം കമ്പനി ഹൈകോടതിയെ സമീപിച്ചു. ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിട്ടു. ഇതോടെ 2019 ൽ സർക്കാർ പാലാ സബ് കോടതിയിൽ ഹരജി നൽകുകയായിരുന്നു.
അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺസ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ.പി. യോഹന്നാൻ എന്നവർക്കെതിരെയാണ് സർക്കാർ കേസ് ഫയൽ ചെയ്തത്. എരുമേലി സൗത്ത് വില്ലേജിലെ ഭൂമി 1910 ലെ സെറ്റിൽമെന്‍റ് രജിസ്റ്റർ പ്രകാരം പണ്ടാരവകപ്പാട്ടം ഭൂമിയാണെന്നാണ് സർക്കാർ വാദിച്ചത്. ഹൈകോടതിയുടെ നിരവധി വിധികളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനവും അടിസ്ഥാനപരവുമായ രേഖയും സെറ്റിൽമെന്‍റ് രജിസ്റ്റർ ആണ്. ഹാരിസൺസ് അടക്കമുള്ളവർ ഹാജരാക്കിയ 1947 ലെ ആധാരങ്ങളിലും ഇത് പണ്ടാരവകപ്പാട്ടം ഭൂമിയാണെന്ന് പറയുന്നു. 2005ന് മുമ്പുള്ള ഒരു രേഖയും ഇത് ഒരു സ്വകാര്യ ഭൂമിയാണെന്നതിന് രേഖാപരമായ തെളിവില്ല. പണ്ടാരവക ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണ്. മണിമല വില്ലേജിലെ (150 ഏക്കർ) വസ്തു സെറ്റിൽമെന്‍റ് രജിസ്റ്ററിൽ വനഭൂമിയാണെന്നും സർക്കാർ വാദിച്ചു.
ഹാരിസൺസും അവരുടെ മുൻഗാമികളും ഒരു നൂറ്റാണ്ടിലേറെയായി കൈവശം വച്ചിരുന്നു ഭൂമിയാണെന്നും അതിനാൽ, അവർക്ക് പ്രതികൂല കൈവശാവകാശമുണ്ടെന്നുമാണ് അയന ട്രസ്റ്റ് അടക്കമുള്ളവർ വാദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം 1923ാം നമ്പർ രേഖ പ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് ലഭിച്ചിരിക്കുന്നുവെന്നും ഹാരിസൺസ് അടക്കമുള്ളവർ വാദിച്ചു. സ്വത്തിന്റെ അവകാശം കൊങ്കൂർ നമ്പൂതിരിമാർക്കായിരുന്നു. 1947ൽ അവർ അവകാശം ഇപ്പോഴത്തെ ഉടമകളുടെ മുൻഗാമികൾക്ക് വിറ്റുവെന്നും ട്രസ്റ്റിന്‍റെ വാദത്തിൽ പറയുന്നു.
കോടതി വിധിയോടെ ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നേരത്തെ, 2570 ഏക്കര്‍ ഭൂമി വിമാനത്താവളത്തിന് ആവശ്യമില്ലെന്ന അയന ട്രസ്റ്റിന്‍റെ ഹരജിയിൽ, ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

