ശബരിമല: ഇത്തവണ സാഹസിക തീർഥാടനം
text_fieldsപമ്പയിലേക്കുള്ള കാനന പാതയിൽ പ്ലാന്തോട് ഭാഗത്ത് മലഞ്ചരുവിൽ റോഡ് ഇടിഞ്ഞ നിലയിൽ
ശബരിമല: കോവിഡ് മൂലം ഏഴുമാസം മുമ്പ് നിലച്ച തീർഥാടനം പുനരാരംഭിക്കുന്ന ശബരിമലയിൽ എത്തണമെങ്കിൽ ഭക്തർക്ക് സാഹസിക മനസ്സും ആവശ്യം.
മണ്ണിടിഞ്ഞും മരംവീണും കേബിൾ കുഴികളും മറ്റുമായി റോഡ് ഗതാഗതം അപകട നിലയിലാണ്. പമ്പയിൽ മണപ്പുറത്ത് ഉരുളൻ കല്ലുകൾ നിറഞ്ഞുകിടക്കുന്നു. മുകളിലേക്ക് കയറുന്ന പടികളാകെ പായൽ കയറി വഴുതുന്നനിലയിലുമാണ്. ഇതെല്ലാം തരണം ചെയ്തുവേണം സന്നിധാനത്തെത്താൻ.
അതിനിടയിലാണ് തുലാമാസ പൂജകൾക്കായി വെള്ളിയാഴ്ച നടതുറക്കുന്നത്. പമ്പയിൽ കടകളെല്ലാം നശിച്ചതിനാൽ ആഹാരസാധനങ്ങൾപോലും ലഭിക്കില്ല. ദേവസ്വം ബോർഡിെൻറ അന്നദാനം ചെറിയ തോതിലെ ഉണ്ടാവുകയുള്ളൂ.
തീർഥാടന കാലമായ വൃശ്ചികപ്പിറവിക്ക് ഇനി 30 ദിവസം മാത്രമാണുള്ളത്. അതിനുമുമ്പ് റോഡുകളിലെ അപകടാവസ്ഥപോലും ഇല്ലാതാക്കാൻ കഴിയുമെന്ന് അധികൃതർക്ക് ഉറപ്പില്ല. ളാഹക്കും നിലക്കലിനും ഇടയിൽ കേബിൾ സ്ഥാപിക്കാൻ റോഡിെൻറ വശം കുഴിച്ചുകൊണ്ടിരിക്കുന്നു. ഇതിെൻറ ചെളിയും മണ്ണുമാണ് റോഡിലാകെ. കേബിൾ കുഴികാരണം എതിർ ദിശയിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാൻ നന്നേ ബുദ്ധിമുട്ടേണ്ടിവരും.
മഴ മൂലം പലയിടത്തും മരങ്ങൾ റോഡിലേക്ക് വീണുകിടക്കുന്നു. ഇവയുടെ ചെറിയ ഭാഗങ്ങൾ മാത്രം വെട്ടിമാറ്റിയാണ് ഗതാഗതം ഒരുക്കിയിരിക്കുന്നത്. നാലിടത്ത് വലിയതോതിൽ മണ്ണിടിഞ്ഞ് റോഡിൽ പതിച്ച് കിടപ്പുണ്ട്. അതിൽ പ്ലാന്തോട് ഭാഗത്ത് റോഡും പാടെ ഇടിഞ്ഞ നിലയിലാണ്.
വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നത് അപകടകരമാണ്. അതിനാൽ ബസ് ഓടിക്കാനാവില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ഏഴുമാസമായി വാഹനങ്ങൾ ഓടാത്തതിനാൽ റോഡും പായൽകയറി വഴുതുന്ന നിലയിലാണ്. റോഡ് നിർമാണത്തിന് പി.ഡബ്ല്യു.ഡി ടെൻഡർ ക്ഷണിച്ചുവെങ്കിലും ആരും പങ്കെടുത്തില്ല. പുനർ െടൻഡർ ക്ഷണിച്ചിരിക്കുകയാണിപ്പോൾ.
പമ്പയിൽ സ്വകാര്യ ഹോട്ടലുകൾ പ്രവർത്തിക്കുമെന്നും സർക്കാർ അനുവദിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണം നൽകാൻ അനുവദിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു മാധ്യമത്തോട് പറഞ്ഞു. തകർന്ന റോഡ് നവംബർ 15ന് മുമ്പ് പണിതീർക്കുമെന്നാണ് പി.ഡബ്ല്യു.ഡി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് മധ്യത്തിൽ നടന്ന മീനമാസ പൂജ മുതലാണ് ശബരിമലയിലേക്ക് തീർഥാടകരെ പ്രവേശിപ്പിക്കാതായത്.