ശബരിമല: 10 ദിവസത്തെ വരവ് 52.55 കോടി
text_fieldsശബരിമല: ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യ പത്ത് ദിവസം പിന്നിടുമ്പോൾ തീര്ഥാടകപ്രവാഹമാണ് കാണുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ധനയുണ്ടായി.
ആകെ 52.55 കോടി രൂപയാണ് ഇതുവരെയുള്ള വരുമാനം. ഇതിൽ അപ്പം ഇനത്തിൽ 2.58 കോടി, അരവണ ഇനത്തിൽ 23.57 കോടി, കാണിക്കയായി 12.73 കോടി, മുറി വാടകയിനത്തിൽ 48.84 ലക്ഷം, അഭിഷേകത്തിൽനിന്ന് 31.87 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. കോവിഡ്മൂലം നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷം ഇതേസമയം വരെ 9.92 കോടി രൂപയായിരുന്നു വരുമാനം.
വരുമാനത്തിന്റെ മുക്കാൽ ഭാഗവും ഉത്സവനടത്തിപ്പ് ചെലവിനായി വിനിയോഗിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. അപ്പം, അരവണ സ്റ്റോക്ക് നിലവില്‍ ആവശ്യത്തിനുണ്ട്. അടുത്ത 20 ദിവസത്തേക്കുള്ള ആവശ്യത്തിനായി 51 ലക്ഷം കണ്ടെയ്നർ അരവണ സ്റ്റോക്കുണ്ട്. ദിവസം ശരാശരി രണ്ടരലക്ഷം അരവണയാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലം തുടങ്ങിയതു മുതൽ അയ്യപ്പഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത ക്രമീകരണമാണ് നടത്തിയത്. ഓൺലൈൻ, സ്പോട്ട് ബുക്കിങ്ങുകൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചു.
സന്നിധാനത്തെത്താനുള്ള നാല് പാതയും തുറന്നുകൊടുത്തിട്ടുണ്ട്. അയ്യപ്പഭക്തർക്ക് ഇതിൽ ഏത് വഴിയും തെരഞ്ഞെടുക്കാം. ചാലക്കയം-പമ്പ റോഡിൽ വൈദ്യുതി വിളക്കില്ലെന്ന പോരായ്മ പരിഹരിച്ചു. അയ്യപ്പഭക്തർ മലകയറുന്ന പ്രധാന വഴിയിലെ അറ്റകുറ്റപ്പണി ബുധനാഴ്ച തുടങ്ങി അടുത്തയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ദിവസം മൂന്ന് നേരവും അന്നദാനം മുടക്കമില്ലാതെ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

