Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്. ശ്രീജിത്തിന്...

എസ്. ശ്രീജിത്തിന് ഡിജിപി പദവി; യോഗേഷ് ഗുപ്ത ബെവ്കോ എം.ഡി; സർക്കാർ ഉത്തരവിറങ്ങി

text_fields
bookmark_border
S Sreejith
cancel
camera_alt

എസ്. ശ്രീജിത്ത്

തിരുവനന്തപുരം: എ.ഡി.ജി.പി എസ്. ശ്രീജിത്തിന് സംസ്ഥാന സർക്കാർ ഡി.ജി.പി പദവി നൽകി. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. യോഗേഷ് ഗുപ്തയാണ് ബെവ്കോ എം.ഡി. ബൽറാം കുമാർ ഉപാധ്യായ ഫയർഫോഴ്സ് മേധാവിയുമായി.

ചീഫ് സെക്രട്ടറിയുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ശ്രീജിത്ത് ജയിൽ മേധാവിയായി തുടരും. സസ്പെൻഷനിൽ കഴിയുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ഒഴിവാക്കി ജയിൽ മേധാവിയും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്തിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി നിയമിക്കണമെന്നാണ് ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കാറിന് ശിപാർശ നൽകിയത്. ഡി.ജി.പിയായി സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ടിയിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഡി.ജി.പി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ചതോടെയാണ് ഒഴിവുന്നത്. 1995 ബാച്ചുകാരനായ എം.ആർ. അജിത് കുമാറിനാണ് അടുത്ത ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാൻ അർഹത.

പക്ഷെ ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അജിത് കുമാറിനെതിരെ എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തടയരുതെന്നും ചൂണ്ടിക്കാട്ടി അജിത്കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പരാതി ട്രൈബ്യൂണൽ തള്ളിയതും തിരിച്ചടിയായി. ഒഴിവ് വരുന്ന മുറക്ക് 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഡിസംബറിൽ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.

ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിച്ച ഒഴിവിലാണ് ഡി.ജി.പി സ്ഥാനക്കയറ്റം നൽകി നിയമനം നൽകേണ്ടത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന ശ്രീജിത്തിനെ ഈ സർക്കാറാണ് ജയിൽ മേധാവിയായി നിയമിച്ചത്. അതേസമയം, ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ ഉൾപ്പെടെ ശ്രീജിത്തുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങളിൽ അഴിമതി ഉൾപ്പെടെ ആരോപിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്താൻ ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതേ പരാതികളില്‍ ശ്രീജിത്തിന് ക്ലീന്‍ചിറ്റ് നല്‍കിയ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടി ഹൈകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പരാതിയില്‍ വീണ്ടും അന്വേഷണം പൂർത്തിയാക്കി ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

അനുമതിയില്ലാതെ വിദേശയാത്ര, യൂനിഫോം ധരിച്ച് യു.എ.ഇയിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കൽ, ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന അഴിമതി, ലാസ്റ്റ് ബെഞ്ച് എന്ന പേരില്‍ ആരംഭിച്ച ഗാനമേള ട്രൂപ്പിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യൽ, ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പം എന്നിവയിലാണ് അന്വേഷണം. എ.ഡി.ജി.പിക്കൊപ്പം സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ശ്രീജിത്തിനെതിരായ പരാതികള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര സെക്രട്ടറിയായിരുന്ന ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ദിപിന്‍ എടവന നല്‍കിയ പരാതികളായിരുന്നു കേസിന് ആധാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceADGP S SreejithMR Ajith Kumar
News Summary - S. Sreejith will be DGP; Yogesh Gupta will be Bevco MD; order will be issued soon
Next Story