ദ്വീപ് ഭരണകൂടത്തിന്‍െറ അനാസ്ഥ; അഭിഭാഷകന്‍െറ മൃതദേഹം കിടന്നത് ഐസ് കട്ടകള്‍ക്കിടയില്‍
text_fieldsകോഴിക്കോട്: ലക്ഷദ്വീപില്‍ മുങ്ങിമരിച്ച സാമൂഹിക പ്രവര്‍ത്തകന്‍െറ മൃതദേഹം നാട്ടിലത്തെിക്കുന്നതിലും സൂക്ഷിക്കുന്നതിലും ദ്വീപ് ഭരണകൂടത്തിന്‍െറ ഭാഗത്ത് അനാസ്ഥ. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ല കണ്‍വീനര്‍ ചാലക്കര പനന്തോട്ടത്തില്‍ അഡ്വ. എസ്. ഷാജി (43)യുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിലാണ് ദ്വീപ് ഭരണകൂടത്തിന് ഗുരുതര വീഴ്ച പറ്റിയത്. ദ്വീപില്‍നിന്ന് എറണാകുളത്തേക്ക് ഹെലികോപ്ടറില്‍ അരമണിക്കൂര്‍ യാത്ര ദൂരം മാത്രമുള്ളപ്പോഴാണ് ഷാജിയുടെ മൃതദേഹം ഒരു ദിവസത്തിലധികം അശ്രദ്ധയോടെ സൂക്ഷിച്ചത്. മോര്‍ച്ചറിപോലുമില്ലാത്ത ദ്വീപില്‍ സമീപ വീടുകളില്‍നിന്ന് ഐസ് ശേഖരിച്ചാണ് കേട്ടുകേള്‍വി പോലുമില്ലാത്ത നടപടി. ആന്ത്രോത്ത് കോടതിയുടെ കല്‍പേനി ക്യാമ്പ് സിറ്റിങ്ങില്‍ പങ്കെടുക്കാനത്തെിയതായിരുന്നു ഇദ്ദേഹം. ഇത്തരമൊരാളോട് ഭരണകൂടം ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മൃതദേഹത്തോടുള്ള അനാദരവാണെന്നും ദ്വീപ് നിവാസികള്‍ പറഞ്ഞു.
കേന്ദ്ര ഭരണപ്രദേശമായ ദ്വീപില്‍ ആംബുലന്‍സ് സൗകര്യത്തോടുകൂടിയ ഹെലികോപ്ടര്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അത്യാധുനിക ആശുപത്രിയോ മോര്‍ച്ചറിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ‘കര’യിലത്തെി ചികിത്സ തേടാനാണിത്. ഷാജിയുടെ മൃതദേഹം എത്തിക്കാന്‍ ഈ സൗകര്യം വിട്ടുകൊടുക്കാന്‍ ഭരണകൂടം തയാറായില്ല. ആര്‍ഭാടപൂര്‍വം നടക്കുന്ന മിനിക്കോയി മേളയുടെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാന്‍ അടക്കമുള്ളവര്‍ സംഭവ ദിവസം ദ്വീപില്‍ ഉണ്ടായിരുന്നിട്ടും മൃതദേഹം നാട്ടിലത്തെിക്കാനാവശ്യമായ നടപടി സ്വീകരിച്ചില്ല.
ചൊവ്വാഴ്ച ദ്വീപില്‍ കോടതി അവധിയായതിനാല്‍ തൊട്ടടുത്ത ചെറിയ ദ്വീപില്‍ കുളിക്കുന്നതിനിടെയാണ് ഷാജി തിരയില്‍പെട്ടത്. കൂട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി കല്‍പേനി ദ്വീപിലെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചതിലും ദ്വീപിലെ യാത്രാസൗകര്യമുള്‍പ്പെടെ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയും പൊതുതാല്‍പര്യ ഹരജിയുമായി ഹൈകോടതിയെ സമീപിക്കുമെന്ന് ദ്വീപിലെ അഭിഭാഷകനും എയര്‍ ഇന്ത്യ മാനേജറുമായിരുന്ന മുത്തുകോയ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണ് ദ്വീപിന്‍െറ ഭരണനിര്‍വഹണം നടത്തുന്നത്. നിയമനിര്‍മാണ സഭയോ കോടതിയോ മാധ്യമങ്ങളോ ഇല്ലാത്തതാണ് ദ്വീപ്ജനങ്ങളുടെ ദുരിതമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
