റഷ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി റഷ്യക്കാർ
text_fieldsതിരുവനന്തപുരം: റഷ്യൻ പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി റഷ്യക്കാർ. ബാലറ്റിലൂടെയുള്ള വോട്ടെടുപ്പിൽ റഷ്യൻ പൗരത്വമുള്ള 15 പേർ വോട്ട് രേഖപ്പെടുത്തി. റഷ്യൻ കൾചറൽ സെൻററിൽ ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടു വരെയായിരുന്നു സമയം. വോട്ട് രേഖപ്പെടുത്തിയ 15 പേരും സ്ത്രീകളായിരുന്നു. കോവിഡ് ബാധിതരായതിനാൽ അഞ്ചുപേർ എത്തിയില്ല.
തിരുവനന്തപുരത്തെ റഷ്യൻ കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ, ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റിൽ നിന്നെത്തിയ രണ്ടു റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പെട്ടി സീൽ ചെയ്ത് ചെന്നൈ കോൺസുലേറ്റ് വഴി റഷ്യയിലേക്ക് അയക്കും.
ഇന്ത്യയിൽ റഷ്യൻ എംബസിയുള്ള ഡൽഹി, കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്ന മുംബൈ, കൊൽക്കത്ത, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങൾക്കുപുറമെ തമിഴ്നാട്ടിലെ കൂടംകുളം, പുതുച്ചേരി എന്നിവിടങ്ങളിലും റഷ്യൻ തെരഞ്ഞെടുപ്പുണ്ട്. ഇതിൽ കൂടംകുളത്ത് വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. കൂടംകൂളം ആണവ നിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ ശാസ്ത്രജ്ഞരും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ അവിടെ വോട്ട് ചെയ്തു. പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയായി. ബാക്കി കേന്ദ്രങ്ങളിൽ 19നാണ് വോട്ടെടുപ്പ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ കേരളത്തിലാകെ നൂറോളം റഷ്യക്കാരാണിപ്പോഴുള്ളതെന്ന് രതീഷ് സി. നായർ പറഞ്ഞു. പകുതിയോളം ഇവിടെനിന്ന് വിവാഹം ചെയ്തുകഴിയുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

