റഷ്യൻ റിക്രൂട്ട്മെന്റ്: ബിനിലിന്‍റെ ഭാര്യയും ജെയിന്‍റെ പിതാവും പരാതി നൽകി; മൂന്ന് പേർക്കെതിരെ കേസ്
text_fieldsതൃശൂർ: റഷ്യയിൽ ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ റഷ്യയിൽ എത്തുകയും അവിടെ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കപ്പെട്ട് യുക്രെയ്നുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത ബിനിൽ ബാബുവിന്‍റെ ഭാര്യ ജോയ്സി ജോണിന്‍റെ പരാതിയിൽ മൂന്ന് പേർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ തയ്യൂർ പാടത്ത് വീട്ടിൽ സിബി (25), എറണാകുളം സ്വദേശികളായ സന്ദീപ് (40), സുമേഷ് ആന്‍റണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജോയ്സി മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് മുഖേന വടക്കാഞ്ചേരി പൊലീസിന് തുടർ നടപടികൾക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ റിജിൻ എം. തോമസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
റഷ്യയിൽ രണ്ട് ലക്ഷം രൂപ പ്രതിമാസ വേതനമുള്ള ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് മൂന്ന് പേരും ചേർന്ന് ബിനിൽ ബാബുവിൽനിന്ന് പണം പറ്റിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ സിബിയുടെ അക്കൗണ്ടിലേക്ക് വിസക്കായി 1,40,000 രൂപ അയച്ചു. തുടർന്ന് നെടുമ്പാശ്ശേരിയിൽനിന്ന് ബഹ്റൈൻ വഴി റഷ്യയിൽ എത്തിച്ചു. അവിടെ ഇലക്ട്രീഷ്യൻ ജോലിക്ക് പകരം മിലിട്ടറി ക്യാമ്പിലാണ് എത്തിച്ചത്. അവിടെവെച്ച് സന്ദീപും സുമേഷ് ആന്‍റണിയും ചേർന്ന് ബിനിലിന്‍റെ ഇന്ത്യൻ പാസ്പോർട്ടും മറ്റ് രേഖകളും കൈവശപ്പെടുത്തുകയും റഷ്യൻ പാസ്പോർട്ടിനായുള്ള രേഖകളിൽ നിർബന്ധിച്ച് ഒപ്പ് വെപ്പിക്കുകയും ചെയ്തു. തുടർന്ന് യുക്രെയ്നുമായുള്ള യുദ്ധമുഖത്തേക്ക് അയക്കുകയും അവിടെവെച്ച് ബിനിൽ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പരാതി.
യുദ്ധമുഖത്ത് പരിക്കേറ്റ് കഴിയുന്ന മറ്റൊരു മലയാളിയായ വടക്കാഞ്ചേരി മിണാലൂർ കുത്തുപാറ തെക്കേമുറിയിൽ കുര്യന്‍റെ മകൻ ജെയിൻ കുര്യനെ കബളിപ്പിച്ചതിന് കുര്യന്‍റെ പരാതിയിലും ഈ മൂന്ന് പേർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജെയിൻ കുര്യനെ പോളണ്ടിൽ ജോലി സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഇവർ മൂവരും ചേർന്ന് റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യലുടെ കൂലിപ്പട്ടാളത്തിൽ എത്തിച്ചത്. ജെയിനിൽനിന്ന് വിസക്കായി 1,40,000 രൂപ വാങ്ങിയ ശേഷം പോളണ്ടിലേക്കുള്ള വിസ റദ്ദായെന്നും മോസ്കോയിൽ ഓഫിസ് ജോലിയുണ്ടെന്നും പറഞ്ഞു. മോസ്കോയിൽ ഇലക്ട്രീഷ്യന്റെ ജോലിയുണ്ടെന്നും നല്ല ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് കഴിഞ്ഞ വർഷം ഏപ്രിലിൽ നെടുമ്പാശ്ശേരിയിൽനിന്ന് മോസ്കോയിൽ എത്തിച്ചു. അവിടെ റഷ്യൻ മിലിട്ടറി ക്യാമ്പിലേക്കാണ് കൊണ്ടുപോയത്.
ബിനിലിനോട് ചെയ്തതുപോലെ ഇന്ത്യൻ പാസ്പോർട്ടും രേഖകളും പിടിച്ചുവാങ്ങി റഷ്യൻ പാസ്പോർട്ടിനുള്ള രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു. വിമാനയാത്രക്കൂലിക്ക് എന്ന പേരിൽ സുമേഷ് ആന്‍റണി 4,20,000 രൂപയും കൈപ്പറിയിരുന്നു. ജെയിൻ കുര്യനെയും റഷ്യൻ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കി യുദ്ധത്തിന് അയക്കുകയായിരുന്നു. അവിടെവെച്ചാണ് വെടിയേറ്റ് മുറിവേറ്റ് കഴിയുന്നത്. ജെയിന്‍റെ പിതാവ് കുര്യൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മനുഷ്യക്കടത്ത്, ചതി എന്നിവ നടന്നതായാണ് ബിനിലിന്‍റെ ഭാര്യയും ജെയിന്‍റെ പിതാവും മൂന്ന് പ്രതികൾക്കെതിരെയും ഉന്നയിച്ചിട്ടുള്ള പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

