സൂചി കുത്താനിടമില്ല: ട്രെയിനുകളിൽ നരകയാത്ര, കണ്ണടച്ച് റെയിൽവേ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതിനാൽ ഓണക്കാലത്ത് ജനറൽ കമ്പാർട്ടുമെന്റുകളിൽ നരകയാത്ര. പ്രതിദിന ട്രെയിനുകൾക്ക് പുറമേ സ്പെഷൽ ട്രെയിനുകളും നിറഞ്ഞതോടെ നിന്നു തിരിയാൻ ഇടമില്ലാത്ത ജനറൽ കോച്ചുകളാണ് ഏകാശ്രയം.
യാത്രാദുരിതം തിരിച്ചറിഞ്ഞ് മതിയായ ക്രമീകരണമേർപ്പെടുത്താൻ തയാറാകാത്ത റെയിൽവേക്കാകട്ടെ തത്കാൽ കച്ചവടത്തിലാണ് കണ്ണുമുഴുവൻ. രാത്രിവണ്ടികളിലും പകൽ സർവിസുകളിലുമെല്ലാം ജനറൽ കോച്ചുകൾ തിങ്ങിനിറഞ്ഞാണ് ഓടുന്നത്. സാധാരണ ശേഷിയുടെ നാലിരട്ടിയിലേറെ യാത്രക്കാരെ വരെ ഒരു കോച്ചിൽ നിറച്ചാണ് മിക്ക ട്രെയിനുകളുടെയും യാത്ര. ട്രെയിൻ എത്തുമ്പോഴേക്കും ഇരച്ചുകയറാനുള്ള മത്സരമാണ് സ്റ്റേഷനുകളിൽ.
ചെന്നൈ -കൊല്ലം, മംഗളൂരു-തിരുവനന്തപുരം നോർത്ത്, മംഗളൂരു-കൊല്ലം റൂട്ടുകളിലാണ് റെയിൽവേ ഇക്കുറി സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത്. എന്നാൽ, ഈ ട്രെയിനുകളിലെല്ലാം ആദ്യ ദിവസങ്ങളിൽ തന്നെ ടിക്കറ്റ് തീർന്നു. പ്രതിദിന ട്രെയിനുകളിലാകട്ടെ അടുക്കാനാകാത്ത വിധമാണ് വെയിറ്റിങ് ലിസ്റ്റുകളുടെ നീളം. ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി കാത്തുനിൽക്കുന്നത്.
സാധാരണ നിരക്കിനെക്കാൾ ഉയർന്ന നിരക്കാണ് ഉത്സവ സ്പെഷലുകളിൽ റെയിൽവേ ഈടാക്കുന്നത്. പക്ഷേ അതുപോലും കിട്ടാനാകാത്ത സ്ഥിതിയാണ്. അതേ സമയം, ട്രെയിനുകളിൽ വേഗത്തിൽ സീറ്റ് തീരാൻ കാരണം ഓണക്കാലത്തെ തിരക്കിൽ കണ്ണുവെച്ച് തത്കാൽ കച്ചവടത്തിനായുള്ള പൂഴ്ത്തിവെപ്പാണെന്നാണ് വിമർശനം.
തത്കാലിനായി നീക്കിവെക്കുന്നതിൽ തന്നെ 50 ശതമാനം സാധാരണ തത്കാലും ശേഷിക്കുന്ന 50 ശതമാനം പ്രീമിയം തത്കാലുമാണ്. പ്രീമിയം തത്കാലിൽ ഓരോ പത്ത് ശതമാനം കഴിയുന്തോറും നിരക്ക് വർധിക്കും. മുൻ സാമ്പത്തിക വർഷത്തെ ഓരോ ക്ലാസിലെയും സൗകര്യങ്ങളുടെ ലഭ്യതയും ഉപയോഗ രീതിയും കണക്കിലെടുത്ത് വിവിധ ക്ലാസുകളിലെ തത്കാൽ ക്വാട്ട അതാത് സോണുകളാണ് നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

