ചോദ്യംചെയ്യലിൽ വെളിപ്പെടുത്തലുകളുമായി ദിലീപ്; അന്വേഷണം തുടരുമെന്ന് പൊലീസ്
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിെൻറ പശ്ചാത്തലത്തിൽ ബുധനാഴ്ച 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ നടൻ ദിലീപ് കേസിൽ തെൻറ പങ്കാളിത്തം നിഷേധിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. ഇതോടെ, കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ദിലീപിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവ് ലഭിച്ചില്ലെങ്കിലും ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കിൽ ദിലീപും നാദിർഷായും അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു.
ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിെൻറ മാനേജർ അപ്പുണ്ണി എന്നിവരെയാണ് ചോദ്യം ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ചെ 1.30ഒാടെയാണ് അവസാനിച്ചത്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന, ബ്ലാക്മെയ്ലിങ് സംബന്ധിച്ച ദിലീപിെൻറ പരാതി, പൾസർ സുനിയുടെ ആരോപണങ്ങൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ദിലീപിെൻറ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച അന്വേഷണവും വൈരുധ്യം ഇല്ലെന്ന് ഉറപ്പാക്കാൻ ദിലീപ്, നാദിർഷ, അപ്പുണ്ണി എന്നിവരുടെ മൊഴികളുടെ വിശദ പരിശോധനയുമാകും ഇനിയുള്ള ദിവസങ്ങളിൽ നടക്കുക.
ആക്രമിക്കപ്പെട്ട നടിയുമായി ഇപ്പോൾ സൗഹൃദമില്ലെന്നും സിനിമയിലെ സുഹൃത്തിൽനിന്നാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്നും ദിലീപ് പൊലീസിനോട് പറഞ്ഞു. ഉടൻ നടിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറി. കുടുംബാംഗങ്ങളുമായാണ് സംസാരിച്ചത്. വ്യക്തിപരമായ ചില കാര്യങ്ങളിൽ നടിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പക്ഷേ, അവരെ സിനിമകളിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. അനുയോജ്യമായ വേഷമില്ലാത്തതുകൊണ്ടാണ് താൻ അഭിനയിച്ച സിനിമകളിൽ നടിക്ക് അവസരം ലഭിക്കാതിരുന്നത്.
നടിയുമായി അകലാനുള്ള കാരണങ്ങൾ, ദിലീപിെൻറ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ, പൾസർ സുനിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചെല്ലാം െപാലീസ് വിശദമായി ചോദിച്ചു. പൾസർ സുനിയെ ഒരുതരത്തിലും അറിയില്ലെന്നായിരുന്നു ദിലീപിെൻറ മറുപടി. എല്ലാ കാര്യങ്ങളെക്കുറിച്ചും മൊഴിനൽകിയെന്നും അന്വേഷണത്തോട് തുടർന്നും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.