കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം; പകൽ മുഴുവൻ വട്ടംകറങ്ങി പൊലീസ്
text_fieldsകാഞ്ഞങ്ങാട്: ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹം പൊലീസിനെ വട്ടംകറക്കി. രാഹുലിനെ തേടി പ്രത്യേക അന്വേഷണസംഘം വയനാട്-കർണാടക അതിർത്തിയിൽ എത്തിയതിന് പിന്നാലെയാണ് കീഴടങ്ങൽ അഭ്യൂഹം പരന്നത്.
രാഹുൽ ഒളിച്ചുതാമസിക്കുന്നത് കർണാടകയിലാണെന്ന് പൊലീസ് ഉറപ്പാക്കിയിരുന്നു. കർണാടകയിൽനിന്ന് അടുത്തപ്രദേശം എന്നനിലയിൽ കാഞ്ഞങ്ങാട് കീഴടങ്ങുമെന്നായിരുന്നു അഭ്യൂഹം. അതല്ലെങ്കിൽ കാസർകോട്, വയനാട് കോടതികളിലോ കീഴടങ്ങിയേക്കുമെന്ന് വാർത്ത പ്രചരിച്ചു. ഹോസ്ദുർഗ് കോടതി പരിസരത്ത് വ്യാഴാഴ്ച രാവിലെ മുതൽ രാഹുലിന്റെ വരവും പ്രതീക്ഷിച്ച് പൊലീസ് നിലയുറപ്പിച്ചിരുന്നു. രാവിലെ മുതൽ മാധ്യമപ്രവർത്തകരും നിലയുറപ്പിച്ചതോടെ ഏതുസമയത്തും രാഹുൽ കോടതിയിലെത്തുമെന്ന പ്രതീതിയായി.
സുള്ള്യവഴിയോ പാണത്തൂർ വഴിയോ രാഹുൽ എത്തുമെന്നാണ് വാർത്ത പരന്നത്. കോടതിയിൽ എത്തുംമുമ്പേ രാഹുലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് പരിശോധനയും ശക്തമാക്കിയിരുന്നു. കോടതി പരിസരത്താകെ നിരീക്ഷണം ശക്തമാക്കി. മഫ്തി പൊലീസും പല സ്ഥലങ്ങളിലും തമ്പടിച്ചു.
കോടതിയുടെ രണ്ട് പ്രധാന കവാടങ്ങളിലും പൊലീസ് നിലയുറപ്പിച്ചിരുന്നു. വൈകീട്ട് ഒമ്പതുവരെ പൊലീസ് കോടതി പരിസരത്ത് നിലയുറപ്പിച്ചെങ്കിലും രാഹുൽ എത്തിയില്ല.
വാർത്തയറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കാൻ കോടതി പരിസരത്ത് വൈകീട്ടോടെ തമ്പടിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പൊതിച്ചോറുമായാണ് പ്രതിഷേധിക്കാനെത്തിയത് എന്നതും ശ്രദ്ധേയമായി.
ഡി.വൈ.എഫ്.ഐ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടം ‘അനാശാസ്യ പരിപാടി’ എന്ന് മുമ്പ് ആക്ഷേപിച്ചിരുന്നു. ഇതിന് മധുരപ്രതികാരമെന്നനിലക്കാണ് പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ ജില്ല നേതാക്കൾ കോടതി പരിസരത്ത് എത്തിയത്.
വ്യാഴാഴ്ച ഉച്ചക്കുശേഷം രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കീഴടങ്ങുമെന്ന അഭ്യൂഹത്തിന് ആക്കം കൂടിയിരുന്നു. കർണാടകയോട് ചേർന്നുകിടക്കുന്ന കോടതി എന്നനിലയിലായിരുന്നു രാഹുൽ കാഞ്ഞങ്ങാട്ട് കീഴടങ്ങുമെന്ന പ്രചാരണമുണ്ടായത്. എന്നാൽ, പിന്നീട് പൊലീസ് കോടതി പരിസരത്തുനിന്ന് പിൻവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

