ഇടുക്കി പാർക്കിന് സമീപം കടുവ ഇറങ്ങിയതായി അഭ്യൂഹം; പരിശോധന തുടങ്ങി വനം വകുപ്പ്
text_fieldsചെറുതോണി: ഇടുക്കി പാർക്കിന് സമീപം കടുവയെ കണ്ടതായി അഭ്യൂഹം. കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച പുലർച്ച രണ്ടിന് മലപ്പുറത്തു നിന്ന് ലോഡുമായി കുമളിക്ക് പോയ പിക്അപ് ലോറി ഡ്രൈവർ റിൻഷാദ് ആണ് കടുവയെ കണ്ടത്.
ഇടുക്കി പാർക്കിനോട് ചേർന്ന് വലതുവശത്തെ കാട്ടിലേക്ക് പോകുന്നതാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. ഒരുനിമിഷം പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റിക്കാരനെ അറിയിച്ചു. ഇയാൾ ഇടുക്കി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് രാത്രി തന്നെ ഇടുക്കി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധന നടത്തി. കഞ്ഞിക്കുഴിയിൽ പുലിയെ തിരയുന്നതിനായി എരുമേലിയിൽ നിന്ന് കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. എട്ടു കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഡ്രോൺ.
നഗരംപാറ റേഞ്ച് ഓഫിസർ ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ ആൽബർട്ട് കെ. സണ്ണി, അനിത്ത് സി., ആൽബിൻ, വാച്ചർമാരായ മനു, ലാലു തുടങ്ങിയവരുടെ സംഘമാണ് രണ്ട് ഭാഗമായി തിരച്ചിൽ നടത്തുന്നത്. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ച മൂന്നാറിൽ നിന്ന് ആർ.ആർ ടീമിനെ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

