മുഖ്യമന്ത്രി, സെക്രട്ടറിമാർ എന്നിവരിൽ അധികാരം കേന്ദ്രീകരിക്കൽ; റൂള്‍സ് ഒാഫ് ബിസിനസ് ഭേദഗതി ധിറുതിപിടിച്ച് നടപ്പാക്കില്ലെന്ന് സൂചന
text_fieldsFile Photo
തിരുവനന്തപുരം: മുഖ്യമന്ത്രി, സെക്രട്ടറിമാർ എന്നിവരിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ കൊണ്ടുവരുന്ന റൂള്‍സ് ഒാഫ് ബിസിനസ് ഭേദഗതി ധിറുതിപിടിച്ച് നടപ്പാക്കില്ലെന്ന് സൂചന. മന്ത്രിമാരെ നോക്കുകുത്തികളാക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രിസഭാ ഉപസമിതിയോഗത്തില്‍ അഭിപ്രായം ഉയർന്നതും പ്രതിഷേധം കനത്തതുമാണ് സർക്കാർ നീക്കം മെല്ലെയാക്കിയത്.
എന്നാൽ, റൂൾസ് ഒാഫ് ബിസിനസിൽ കാലാനുസൃത മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ. അഞ്ചംഗ െഎ.എ.എസ് ഉദ്യോഗസ്ഥരടങ്ങിയ സമിതിയാണ് ഭേദഗതി ശിപാർശ നൽകിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതാണ് റൂൾസ് ഒാഫ് ബിസിനസ്.
ഇത് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങൾ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഘടകകക്ഷി മന്ത്രിമാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.
റൂള്‍ ഒമ്പതിലെ മാറ്റമനുസരിച്ച് മന്ത്രി കാണാതെതന്നെ സെക്രട്ടറിമാര്‍ക്ക് ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിനായി നല്‍കാം. റൂള്‍ 20 പ്രകാരം വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാവുന്ന സ്ഥിതി വരും.
റൂള്‍ 19, 21 എ എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. റൂള്‍സ് ഒാഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്. റൂള്‍ 36ലെ മാറ്റം പറയുന്നത് കേസുകളില്‍ ചീഫ് സെക്രട്ടറി സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്ന രീതി മാറ്റണമെന്നാണ്.