ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങൾ തയാറായി; നിയമവകുപ്പിന്റെ പരിഗണനയിൽ
text_fieldsകോട്ടയം: നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങൾ തയാറായി. ഭൂപതിവ് നിയമത്തിന് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് ചട്ടങ്ങളിൽ പ്രധാനം. റവന്യു വകുപ്പ് തയാറാക്കിയ ചട്ടങ്ങൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്. വളരെ പ്രതീക്ഷയോടെയാണ് മലയോര മേഖല ഇതിനെ കാണുന്നത്. ഭേദഗതി പാസാക്കി ഒരുവർഷത്തിന് ശേഷമാണ് ചട്ടങ്ങളൊരുങ്ങുന്നത്.
പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്താൻ സര്‍ക്കാറിന് അധികാരം നൽകുന്നതാണ് നിയമഭേദഗതി. ലാന്റ് റവന്യു കമീഷണറുടെ നേതൃത്വത്തിലാണ് ചട്ടങ്ങൾ തയാറാക്കിയത്. പാരിസ്ഥിതിക പ്രത്യാഘാതം മുതൽ പലതരം കോടതി വ്യവഹാരങ്ങള്‍ക്ക് വരെ നിയമത്തിലെ വ്യവസ്ഥകൾ കാരണമാകാമെന്നിരിക്കെയാണ് നിയമവകുപ്പിന്റെ സൂക്ഷ്മ പരിശോധന. പട്ടയഭൂമിയിലുള്ള വീടുകൾ ഫീസ് വാങ്ങാതെ ക്രമപ്പെടുത്തി നൽകാൻ ചട്ടം നിര്‍ദ്ദേശിക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങൾ ചതുരശ്രഅടി അനുസരിച്ച് തുക നിശ്ചയിച്ച ശേഷം ഈടാക്കി നിയമവിധേയമാക്കും. ക്വാറികളുടെ പ്രവര്‍ത്തനം നിലവിൽ ഭൂപതിവിന് വിധേയമല്ല.
പട്ടയഭൂമിയിൽ പ്രവര്‍ത്തിക്കുന്ന ക്വാറികൾ സര്‍ക്കാർ ഏറ്റെടുത്ത് പാട്ടത്തിന് നൽകുന്ന നിലയിലാകും വ്യവസ്ഥ. 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്ത് 2023 സെപ്റ്റംബറിലാണ് ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) നിയമം കൊണ്ടുവന്നത്. നിയമം പ്രാബല്യത്തിൽ വരുന്ന ദിവസം വരെയുള്ള അനധികൃത നിർമാണങ്ങൾ സർക്കാറിന് ക്രമവത്കരിക്കാനാകും. എന്നാൽ 1960ലെ നിയമവും ’64ലെ ചട്ടവും പ്രകാരമുള്ള പട്ടയം കിട്ടാൻ ഇനിയും ഏറെപ്പേരുണ്ട്. അവരുടെ ഭൂമിയിലെ നിർമാണത്തെക്കുറിച്ച് ഭേദഗതിയിൽ ഒന്നും പറയാത്തത് വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

