റബർ വില 150ലേക്ക്
text_fieldsകോട്ടയം: ഇടവേളക്കുശേഷം 145 കടന്ന് റബർവില. മഴ നിലക്കാത്തതിനാൽ ടാപ്പിങ് കുറഞ്ഞതും ചൈന വൻതോതിൽ വാങ്ങിത്തുടങ്ങിയതുമാണ് റബർ മേഖലക്ക് ഉണർവായത്. പ്രതികൂല കാലാവസ്ഥമൂലം തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ റബർ ഉൽപാദനത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്.
നേപ്പാൾ, ബർമ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടാപ്പിങ് തൊഴിലാളികൾ കോവിഡിനുശേഷം ഈ രാജ്യങ്ങളിലേക്ക് മടങ്ങിയെത്താത്തതും ഇവരെ ബാധിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലേക്കുള്ള റബർ വരവിനെ ബാധിച്ചതോടെ വിലയും കുത്തനെ ഉയരുകയാണ്.
ടയർ ഉൽപാദനം വർധിച്ചതോടെ വില ഉയർന്നിട്ടും വൻതോതിൽ ചൈന അന്താരാഷ്ട്രവിപണിയിൽനിന്ന് റബർ വാങ്ങുന്നത് തുടരുകയാണ്. ഇതുമൂലം ഇനിയും വിലവർധിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
ആർ.എസ്.എസ് നാലിന് വ്യാഴാഴ്ച കിലോക്ക് 146 രൂപയായിരുന്നു കോട്ടയത്തെ റബർബോർഡ് വില. ആർ.എസ്.എസ് അഞ്ചിന് 142 രൂപയായിരുന്നു വില. അടുത്തദിവസങ്ങളിൽ ഇത് 150ലേക്ക് എത്തുമെന്നാണ് റബർബോർഡ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, അന്താരാഷ്ട്രവിലക്കനുസരിച്ച് ആഭ്യന്തരവിപണിയിൽ വില ഉയർന്നിട്ടില്ല.
അന്താരാഷ്ട്ര വില ഉയർന്നതോടെ ടയർകമ്പനികൾ കൂടുതലായി ആഭ്യന്തരവിപണിയിൽനിന്ന് റബർ വാങ്ങാൻ ആരംഭിച്ചതാണ് വില ഉയരാനുള്ള പ്രധാനകാരണം. അതേസമയം, വില ഉയർന്നതോടെ റബർ വില സ്ഥിരതാപദ്ധതിയിൽ നിന്നുള്ള വിഹിതവും കുറഞ്ഞു.
150 രൂപയും റബർ ബോർഡ്വിലയും തമ്മിലുള്ള വ്യത്യാസമാണ് സർക്കാർ കർഷകർക്ക് നൽകുന്നത്. 146ൽ എത്തിയതോടെ നാലുരൂപമാത്രമാകും കർഷകർക്ക് ഒരു കിലോക്ക് ലഭിക്കുക.