അതിർത്തികളിൽ ആർ.ടി.ഒ ചെക്ക്പോസ്റ്റുകൾ നിർത്തലാക്കുന്നു
text_fieldsപാലക്കാട്: സംസ്ഥാനത്തെ അതിർത്തികളിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ നിർത്തുന്നു. പകരം ഇനി വെർച്വൽ ചെക്ക്പോസ്റ്റ്. കാമറകൾ ഘടിപ്പിച്ച് ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെടുത്തി വാഹനങ്ങൾ ഓൺലൈനായി പരിശോധിക്കുന്ന സംവിധാനമാണ് ഒരുക്കുക. ഇത് യാഥാർഥ്യമാകുന്നതോടെ അതിർത്തികളിലെ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ നിർത്തലാകും. ഇതുസംബന്ധിച്ച് സർക്കാറിന് നിർദേശം സമർപ്പിക്കാൻ തീരുമാനിച്ചെന്ന് ആർ.ടി.ഒ സി.യു. മുജീബ് പറഞ്ഞു. പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിക്കുംവരെ നിലവിലെ പരിശോധനാരീതി തുടരുമെന്നും ആർ.ടി.ഒ പറഞ്ഞു.
വെർച്വൽ ചെക്ക്പോസ്റ്റുകൾ 24 മണിക്കൂറും നിരീക്ഷിക്കാൻ സംസ്ഥാന-ജില്ലതല കൺട്രോൾ റൂമുകളും സജ്ജീകരിക്കും. ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് ഓഫിസിലായിരിക്കും ജില്ലതല കൺട്രോൾ റൂം. ക്രമക്കേടുള്ള വാഹനങ്ങൾ പത്ത് കിലോമീറ്ററിനുള്ളിൽവെച്ച് പിടിച്ചെടുക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ കഴിഞ്ഞയാഴ്ച വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ രണ്ടു ദിവസങ്ങളിലായി 3.26 ലക്ഷം രൂപ കൈക്കൂലി പണം കണ്ടെടുത്തിരുന്നു. 26 ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടും നൽകിയിരുന്നു. ഇത് ചർച്ചയായതോടെയാണ് ചെക്ക്പോസ്റ്റുകൾ അഴിമതി രഹിതമാക്കാൻ വെർച്വൽ രീതിയിലേക്ക് മാറാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

