മേയർക്ക് ലണ്ടനിൽ നിന്നും ലഭിച്ചത് ഔദ്യോഗിക പുരസ്കാരമല്ലെന്ന് വിവരാവകാശ രേഖ
text_fieldsമേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് ലഭിച്ച പുരസ്കാരം ഔദ്യോഗികമല്ലെന്ന് വിവരാവകാശ രേഖ. മേയർക്ക് ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്സിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് പുരസ്കാരം യു.കെ പാർലമെന്റിൽ നടന്ന ചടങ്ങിൽവെച്ച് ഏറ്റുവാങ്ങിയെന്ന് മേയർ തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.
ആര്യ രാജേന്ദ്രന് ലണ്ടനിൽ നിന്നും ലഭിച്ചത് ലണ്ടൻ പാർലമെന്റിന്റെ ഔദ്യോഗിക പുരസ്കാരം അല്ലെന്ന വിവരാവകാശ രേഖയാണ് വിവരാവകാശ പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ പായ്ചിറ നവാസിന് തിരുവനന്തപുരം കോർപറേഷൻ നൽകിയ മറുപടിയിൽ വ്യക്തമാകുന്നത്. ഈ പുരസ്കാരത്തിന് ബ്രിട്ടീഷ് പാർലമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മലയാളി ഉൾപ്പെടുന്ന തട്ടിക്കൂട്ട് സംഘടന പണംവാങ്ങി നൽകുന്ന പുരസ്കാരമാണെന്നും വിമർശനം അന്നേ ഉയർന്നിരുന്നു. യു.കെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിലെ ഹാളിൽ നടന്ന ചടങ്ങിലാണ് സെപ്റ്റംബർ 13ന് പുരസ്കാര സമർപ്പണം നടന്നത്.
സംഘടനകൾക്കും വ്യക്തികൾക്കും വാടകക്ക് കൊടുക്കാറുള്ള ഹാളിൽ ആയിരുന്നു ചടങ്ങ്. അതുകൊണ്ട് തന്നെയാണ് പുരസ്കാരത്തെ ചൊല്ലി വിമർശനം ഉയർന്നതും. അവാർഡ് വാങ്ങാൻ ലണ്ടനിൽ പോകാൻ സംസ്ഥാന സർക്കാർ ആര്യക്ക് അനുമതി നൽകിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്ന് അന്നേ ആരോപണമുയർന്നിട്ടുണ്ട്. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് ഈ സംഘടനയുടെ സി.ഇ.ഒ. ഇന്ത്യയിലെ ഒരു സ്വകാര്യ സംഘടന യു.കെ.യിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ, നഗരസഭയുടെ ചെലവിൽ യാത്ര നടത്തിയത് എന്തിനെന്നും സമൂഹമാധ്യമങ്ങളിൽ അന്ന് ചോദ്യം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

