പൊലീസ് പാഠം പഠിച്ചില്ല; സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട വിവരാവകാശ അപേക്ഷ നിരസിച്ചു
text_fieldsതൃശൂർ: പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിവരാവകാശ അപേക്ഷപ്രകാരം നൽകണമെന്ന നിർദേശം ലംഘിച്ച് വീണ്ടും പൊലീസ് നടപടി. ചേർപ്പ് പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് പൊലീസ് നിരസിച്ചത്. സി.പി.ഐ നേതാവായ സി.സി. മുകുന്ദൻ എം.എൽ.എയുടെ മുൻ പേഴ്സനൽ സ്റ്റാഫ് അസ്ഹർ മജീദ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ദൃശ്യങ്ങൾ കൈമാറാനാകില്ലെന്ന് വ്യക്തമാക്കിയത്.
സ്റ്റേഷനിലെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത സംരക്ഷിക്കണം എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. നേരത്തേ തൃശൂർ ജില്ലയിലെതന്നെ കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മർദന കേസുകളിൽ മർദനത്തിനിരയായവർ സി.സി.ടി.വി ദൃശ്യങ്ങൾക്കായി നൽകിയ വിവരാവകാശ അപേക്ഷ സമാന കാരണം ചൂണ്ടിക്കാട്ടി നിഷേധിച്ചിരുന്നു.
2025 ജൂൺ 14ന് ചേർപ്പ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പിടിച്ചുതള്ളുകയും ഫോൺ വാങ്ങിവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസ്ഹർ മജീദ് നേരത്തേ പരാതിപ്പെട്ടിരുന്നു. പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപിച്ചിരുന്നു. വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനൊപ്പമാണ് സ്റ്റേഷനിലെ രേഖകൾക്കും സി.സി.ടി.വി ദൃശ്യങ്ങൾക്കും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഇതാണ് നിരസിച്ചത്.
ഡിവൈ.എസ്.പിക്ക് അപ്പീൽ നൽകുമെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാൻ നിയമപോരാട്ടം തുടരുമെന്നും അസ്ഹർ മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, തനിക്കെതിരെ ചേർപ്പ് സബ് ഇൻസ്പെക്ടർ വ്യാജ രേഖ നിർമിച്ചതായും അസ്ഹർ മജീദ് പറയുന്നു. തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതാണെന്ന രേഖയുണ്ടാക്കുകയും വ്യാജ ഒപ്പിടുകയുമാണ് ചെയ്തതെന്ന് അദ്ദേഹം തൃശൂർ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകർപ്പിൽ നോട്ടീസ് കൈപ്പറ്റിയെന്ന് കാണിച്ച് ഒപ്പിട്ടതായി കാണുന്നുവെന്നും ഒപ്പ് തന്റേതല്ലെന്നും വ്യാജമായി പൊലീസ് ഉദ്യോഗസ്ഥർ ഇട്ടതാണെന്നും അസ്ഹർ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ അസ്ഹർ മജീദ് ചേർപ്പ് സ്റ്റേഷനിൽ ഹാജരായത് 2025 ജൂൺ 14നാണ്. പൊലീസിന്റെ നോട്ടീസിൽ ഇത് 2025 ജൂലൈ 14 ആയി മാറി. പരാതി നൽകിയിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചിട്ടില്ലെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അസ്ഹർ മജീദ് പറഞ്ഞു.
പീച്ചി സ്റ്റേഷൻ മർദനം: പുനരന്വേഷണവുമായി ക്രൈംബ്രാഞ്ച്
തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരെ അന്നത്തെ എസ്.എച്ച്.ഒ പി.എം. രതീഷ് മർദിച്ച സംഭവത്തിൽ പുനരന്വേഷണം. ഹൈകോടതി നിർദേശപ്രകാരമാണ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഡി.ജി.പി ചുമതലപ്പെടുത്തിയത്. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശിച്ചത്.
ഡിവൈ.എസ്.പി പി.എം. മനോജിനാണ് അന്വേഷണച്ചുമതല. പരാതിക്കാരനിൽനിന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. വിശദ തെളിവെടുപ്പ് വരുംദിവസങ്ങളിൽ നടക്കും. ഇതിനുശേഷം പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. 2023 മേയ് 24നാണ് ഔസേപ്പിന്റെ മകനെയും ലാലീസ് ഹോട്ടൽ ജീവനക്കാരെയും പി.എം. രതീഷ് മർദിച്ചത്. രതീഷിനെ പൊലീസ് ആക്ട് അനുസരിച്ച് പിരിച്ചുവിടുകയും ക്രിമിനൽ കേസെടുക്കുകയും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

