റിട്ട. അധ്യാപിക, ഇപ്പോൾ വൈറൽ യൂട്യൂബർ
text_fieldsപേര് മേരി മെറ്റിൽഡ, 67 വയസ്സ്. 32 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം നവമാധ്യമങ്ങളിലേക്കിറങ്ങി വൈറലായി മാറിയ യൂട്യൂബർ. തൊഴിലിൽനിന്ന് വിരമിക്കുന്നത് വിശ്രമ ജീവിതം നയിക്കാനാണെന്ന കാഴ്ചപ്പാടിൽ മാറ്റം വരുത്തി, പുതുതലമുറയെക്കൂടി ആകർഷിക്കുന്ന യൂട്യൂബ് ചാനൽ തുടങ്ങിയ മേരി മെറ്റിൽഡയുടെ കാഴ്ചക്കാർ ലക്ഷങ്ങളാണ്. ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണാനുള്ള ടിപ്സാണ് മേരിയുടെ വിഡിയോകളിൽ. വിവിധ വിഷയങ്ങളിൽ സീരീസുകളായി ഇതിനോടകം നൂറിലധികം വിഡിയോകൾ പുറത്തിറക്കി.
2020 ഏപ്രിലിൽ ആരംഭിച്ച യൂട്യൂബ് ചാനലിന് (www.youtube.com/@MaryMatilda) ഇപ്പോൾ രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ജീവിതം ആസ്വാദ്യകരമാക്കാനും വിജയം നേടാനുമുള്ള ശാസ്ത്രീയ മാർഗങ്ങൾ മുതൽ വൈകാരികമായ പക്വതനേടാനുള്ള വഴികൾവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് മേരിയുടെ വിഡിയോകൾ.
എല്ലാ വെള്ളിയാഴ്ചകളിലും ഒരു പുതിയ വിഷയവുമായി യൂട്യൂബ് ചാനലിലെത്തും. ഒന്നരക്കോടിയിലധികം കാഴ്ചക്കാരുണ്ട് മേരി മെറ്റിൽഡയുടെ ചാനലിന്. നന്നായി ഉറങ്ങുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും മറ്റുള്ളവർ നമ്മെ പരിഹസിക്കുമ്പോൾ പ്രതികരിക്കേണ്ടത് എങ്ങനെ എന്നും അവഗണനയെ നേരിടേണ്ടത് എങ്ങനെയെന്നുമുള്ള വിഷയങ്ങളിൽ ചെയ്ത വിഡിയോകൾ യൂട്യൂബിൽ ഹിറ്റാണ്. ദേഷ്യം നിയന്ത്രിക്കാനുള്ള വഴികൾ, മാനസിക സമ്മർദം കുറക്കാനുള്ള മാർഗങ്ങൾ, ഏകാന്തതയെ അതിജീവിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ വിഷയങ്ങൾക്കും കാഴ്ചക്കാരേറെ. എറണാകുളം ജില്ലയിലെ വികാസ് നഗർ കോളനിയിലാണ് മേരി മെറ്റിൽഡയുടെ താമസം. കോളജ് അധ്യാപിക, വകുപ്പ് മേധാവി, കോളജ് പ്രിൻസിപ്പൽ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചതിന് ശേഷമായിരുന്നു വിരമിക്കൽ. ഇതിനിടെ നിരവധി ബിരുദങ്ങളും അക്കാദമിക നേട്ടങ്ങളും മേരി മെറ്റിൽഡ സ്വന്തമാക്കി. ഗണിതശാസ്ത്രം, മന:ശാസ്ത്രം, വിദ്യഭ്യാസ മാനേജ്‌മെന്‍റ്, സ്ത്രീ പഠനം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് പുറമെ സ്ത്രീ ശാക്തീകരണം ഗവേഷണ വിഷയമാക്കി ഡോക്ടറേറ്റും നേടി. ഇതിനിടയിൽ നിയമ ബിരുദവും കരസ്ഥമാക്കി. 32 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം 2013ൽ ഔദ്യോഗിക ജോലിയിൽനിന്ന് വിരമിച്ചു.
2016ൽ എഴുതിയ ‘ജീവിതം പഠിപ്പിച്ച വിജയമന്ത്രങ്ങൾ’ എന്ന പുസ്തകം ഇപ്പോൾ നാലാം പതിപ്പിൽ എത്തിനിൽക്കുകയാണ്. പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ തൂലിക അവാർഡും ഈ പുസ്തകം നേടി.
‘‘ഇപ്പോൾ പല കഠിനമായ ജോലികളും ലഘൂകരിക്കപ്പെട്ടു. എന്നാൽ, മനുഷ്യരെ കൈകാര്യം ചെയ്യുന്ന ജോലി ദുഷ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്’’ -മേരി മെറ്റിൽഡ പറയുന്നു. എറണാകുളം മഹാരാജാസ് കോളജിൽ ഡോ. മേരി മെറ്റിൽഡ പ്രിൻസിപ്പലായിരുന്ന കാലഘട്ടത്തിൽ സമരങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതും കാമ്പസിനകത്ത് സമാധാനന്തരീക്ഷം നിലനിർത്താനായതും ശിഷ്യനും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ മധു ഭാസ്കർ മേരി മെറ്റിൽഡയുടെ പുസ്തകത്തിനെഴുതിയ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം മഹാരാജാസ് കോളജിന് പുറമെ കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജിലും മേരി മെറ്റിൽഡ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിരുന്നു.
ദേശീയതലത്തിൽ കാനഡ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷനൽ കോഓപറേഷൻ പ്രോജക്ട് സംഘടിപ്പിക്കുന്ന എച്ച്.ആർ.ഡി പരിശീലന പരിപാടികളുടെ ഫാക്കൽറ്റി ടീമിലെ അംഗമായിരുന്ന ഇവർ പ്രോജക്ടിലെ വിമൻ ഇൻ ഡെവലപ്‌മെന്‍റ് കമ്മിറ്റിയുടെ സംസ്ഥാന ചെയർപേഴ്‌സനായിരുന്നു.
വിവിധ മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനുകളുമായി ആശയവിനിമയം നടത്തുന്നതിനായി സിംഗപ്പൂർ സന്ദർശിച്ചു. യു.എ.ഇയിലെ വിവിധ സംഘടനകളുടെ റിസോഴ്സ്പേഴ്സനായും പ്രവർത്തിച്ചു.നിലവിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ഇൻ ഗവൺമെന്‍റ്, ട്രെയിൻഡ് നഴ്‌സ് അസോസിയേഷൻ, കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ലീവർ ലിമിറ്റഡ്, കൊച്ചിൻ ഷിപ്യാർഡ്, സന്നദ്ധ സംഘടനകൾ, സർവിസ് ക്ലബുകൾ, സർവകലാശാലകളിലെ അക്കാദമിക് സ്റ്റാഫ് ട്രെയിനിങ് കോളജുകൾ എന്നിവിടങ്ങളിലെ ഗെസ്റ്റ് ഫാക്കൽറ്റികൂടിയാണ് ഡോ. മേരി മെറ്റിൽഡ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

