വധഭീഷണി മുഴക്കിയ ആർ.എസ്.എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചു -സന്ദീപ് വാര്യർ; മദ്യലഹരിയിൽ സംഭവിച്ചുപോയതാണെന്ന്
text_fieldsകോഴിക്കോട്: തനിക്കെതിരെ വധഭീഷണി മുഴക്കിയ ആർ.എസ്.എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മാപ്പപേക്ഷിച്ച് നിരവധി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നതെന്നും സന്ദീപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി ആവർത്തിക്കില്ലെന്ന് ദുബൈയിൽ ഇൻകാസ് പ്രവർത്തകരെ കണ്ട് ആർ.എസ്.എസ് പ്രവർത്തകൻ പറഞ്ഞതായും സന്ദീപ് വ്യക്തമാക്കി.
സന്ദീപ് വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്:
എനിക്കെതിരെ വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചുകൊണ്ട് നിരവധി സന്ദേശങ്ങൾ എനിക്കയച്ചിട്ടുണ്ട്. മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നത്. ഇനി ആവർത്തിക്കില്ലെന്നും തെറ്റ് പറ്റിപ്പോയി എന്നും ദുബായിൽ ഇൻകാസ് പ്രവർത്തകരെ കണ്ട് അയാൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അയാളെ അറിയില്ല. അയാളോട് വ്യക്തിപരമായി യാതൊരു ശത്രുതയും എനിക്കില്ല. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞാൻ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അയാൾക്കെതിരെ യാതൊരു തരത്തിലും എൻ്റെ സഹപ്രവർത്തകർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറരുത് എന്നഭ്യർത്ഥിക്കുന്നു. എന്നാൽ കഴിഞ്ഞ നാലുമാസകാലമായി സോഷ്യൽ മീഡിയ ഉപയോഗിച്ച് എനിക്കും എൻ്റെ കുടുംബത്തിനും എതിരെ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന കടുത്ത അസഭ്യവർഷത്തിനും ഭീഷണികൾക്കെതിരെ നിയമനടപടി തുടരുക തന്നെ ചെയ്യും. നിലവിൽ നൽകിയ പരാതിയിലുള്ള നിയമനടപടിയും തുടരും. ഈ രാജ്യത്ത്, കെട്ടകാലത്ത് പൗരന് അവസാന ആശ്രയം നിയമവും കോടതിയും ആണല്ലോ.
ഇന്നലെയാണ്, യു.എ.ഇ നമ്പറിൽ നിന്നും തനിക്ക് വാട്സ്ആപ്പിൽ വധഭീഷണി സന്ദേശം ലഭിച്ചതായി സന്ദീപ് വാര്യർ അറിയിച്ചത്. തുടർന്ന്, പാലക്കാട് എസ്.പിക്ക് പരാതി നൽകിയിരുന്നു. ശബ്ദസന്ദേശത്തിൽ മുസ്‍ലിം സമുദായത്തെയും പാണക്കാട് തങ്ങൾ കുടുംബത്തെയും നിന്ദ്യമായ ഭാഷയിൽ ആക്ഷേപിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.