ആദ്യകാല ആർ.എസ്.എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി ഇർഫാന
text_fieldsനാരായണന്റെ മൃതദേഹംസംസ്കരിക്കാൻ ജില്ല പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ ചിതയൊരുക്കുന്നു
ഉപ്പള: കാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ച മുൻ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ പാർട്ടിപ്രവർത്തകരോ ഉണ്ടായില്ല. കുടുംബങ്ങളുടെയും പൊലീസിന്റെയും അനുമതിയോടെ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും വനിതലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി മൃതദേഹം സംസ്കരിച്ചു. മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണനാണ് (64) മരിച്ചത്.
ഒരു മാസം മുമ്പ് മീഞ്ചയിലെ കട വരാന്തയിൽ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാർഡ് അംഗം ഷെരിഫ് ചിനാലയാണ് ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. സ്ഥലത്തെത്തിയ ഇർഫാന ഇക്കാര്യം കലക്ടറേയും ജില്ല മെഡിക്കൽ ഓഫിസറെയും ബോധിപ്പിച്ചു. അവരുടെ അനുമതിയോടെ ഇർഫാന ഉപ്പള ഷെയ്ഖ് സായിദ് ഫൗണ്ടേഷനെ സമീപിച്ചു. ഫൗണ്ടേഷൻ പ്രവർത്തകർ നാരായണനെ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച നാരായണൻ മരിച്ചത്. മരണവിവരം മഞ്ചേശ്വരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാൽ, മൃതദേഹം ഏറ്റു വാങ്ങാൻ ബന്ധുക്കൾ ആരും തയാറായില്ല. രണ്ട് ഭാര്യമാരും, മക്കളും, സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കാൻ ജില്ല പഞ്ചായത്ത് മെംബർ ഇർഫാനക്ക് സമ്മത പത്രം നൽകി.
ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതു ശ്മാശാനത്തിൽ മകളുടെ സ്ഥാനത്തുനിന്ന് ഹൈന്ദവ ആചാര പ്രകാരം ഇർഫാന ഇഖ്ബാൽ ചിതക്ക് തീ കൊളുത്തി അന്ത്യ കർമങ്ങൾ നിർവഹിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും കർമങ്ങൾക്ക് നേതൃത്വം നൽകി. ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്പതോളം മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധ മന്ദിരം സ്ഥാപകയാണ് ഇർഫാന. തങ്ങളുടെ ഉത്തരവാദിത്വമാണ് നിർവഹിച്ചത് എന്നും കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഇർഫാനപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

