നേതൃത്വവുമായി തർക്കം, സ്ഥാനാർഥി പട്ടികയിൽ പേരില്ല; ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി
text_fieldsആനന്ദ് തമ്പി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. വീടിനകത്ത് തൂങ്ങിയനിലയിൽ ആനന്ദിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിനെതിരേ സന്ദേശമയച്ച ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്.
പതിനാറാം വയസ് മുതൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സജീവ പ്രവർത്തകനായിരുന്ന ആനന്ദ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ്ആപ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കൾക്കെതിരെയാണ് ആനന്ദിന്‍റെ കുറിപ്പ്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബി.ജെ.പി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്‍റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം വിശദീകരിക്കുന്നത്.
കഴിഞ്ഞ മാസം ശാഖയിലെ പീഡനത്തെ തുടർന്ന് മറ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയിരുന്നു. ആർ.എസ്.എസ് ക്യാമ്പുകളിൽ ലൈംഗികപീഡനം ഏൽക്കേണ്ടി വന്നു എന്ന് വെളിപ്പെടുത്തി അനന്തു അജി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. നാല് വയസുമുതൽ സമീപവാസിയായ ആർ.എസ്.എസ് പ്രവർത്തകൻ നിതീഷ് മുരളീധരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ആരോപണമുന്നയിച്ചാണ് ജീവനൊടുക്കിയത്. ആർ.എസ്.എസ് ക്യാമ്പുകളിൽ മാനസികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗങ്ങൾ നടക്കുന്നുണ്ടെന്നും ഒരിക്കലും ആർ.എസ്.എസുകാരുമായി കൂട്ടുകൂടരുതെന്നും പറയുന്ന അനന്തുവിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾഫ്രീ നമ്പർ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

