ആർ.എസ്.എസ് പാലക്കാട് ‘ബൈഠക്’ ശനിയാഴ്ച മുതൽ; അകൽച്ച മാറ്റാൻ ബി.ജെ.പിയിൽ നേതൃമാറ്റ ചർച്ച
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പോടെ ഉലഞ്ഞ ആർ.എസ്.എസ് - ബി.ജെ.പി ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾ പാലക്കാട്ട് ശനിയാഴ്ച തുടങ്ങുന്ന ‘അഖില ഭാരതീയ സമന്വയ് ബൈഠക്’ ചർച്ച ചെയ്യും. ആർ.എസ്.എസിന്റെയും ബി.ജെ.പി അടക്കമുള്ള അനുബന്ധ സംഘടനകളുടെയും ഏകോപനവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയാണ് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവത്, ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ആറ് സർകാര്യവാഹകുമാർ എന്നിവർ പങ്കെടുക്കുന്ന ത്രിദിന വാർഷിക യോഗത്തിന്റെ മുഖ്യഅജണ്ട. ദേശീയ വിഷയങ്ങളും ആനുകാലിക സംഭവവികാസങ്ങളും ആർ.എസ്.എസ് രാജ്യത്ത് വരുത്താനുദ്ദേശിക്കുന്ന മാറ്റവും ‘ബൈഠക്’ ചർച്ച ചെയ്യും. പാലക്കാട് ബൈഠകിന് മുന്നോടിയായി ആർ.എസ്.എസിനും ബി.ജെ.പിക്കുമിടയിലെ അകൽച്ച മാറ്റാൻ രണ്ടാഴ്ച മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഇരുഭാഗത്തുനിന്നുമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം നടന്നിരുന്നു. ആർ.എസ്.എസ് ഭാഗത്തുനിന്ന് ജനറൽ സെക്രട്ടറി ദത്താത്രേയയും അരുൺ കുമാറും ബി.ജെ.പിയിൽനിന്ന് രാജ്നാഥ് സിങ്ങിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുമാണ് യോഗത്തിൽ പങ്കെടുത്തത്.
പരസ്യപ്രസ്താവനയിലൂടെ ആർ.എസ്.എസ് - ബി.ജെ.പി ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കി ആർ.എസ്.എസിന് അനഭിമതനായ നഡ്ഡക്ക് പകരം പുതിയ ബി.ജെ.പി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നതാണ് ബന്ധം മെച്ചപ്പെടുത്താൻ ആർ.എസ്.എസ് യോഗത്തിൽ മുന്നോട്ടുവെച്ച നിർദേശം. ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങൾക്ക് സ്വീകാര്യനായ ശിവരാജ് സിങ് ചൗഹാന്റെ പേര് ആർ.എസ്.എസ് ഉയർത്തിക്കാട്ടുകയും ചെയ്തു.
നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്ന ശേഷമുണ്ടായ അകൽച്ചക്കിടയിലാണ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ജയിക്കാൻ ആർ.എസ്.എസിന്റെ ആവശ്യമില്ലെന്ന നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ നഡ്ഡ പരസ്യ പ്രസ്താവന നടത്തിയത്. ദേശീയ അധ്യക്ഷനെ ഇപ്പോൾ നിയമിക്കുന്നില്ലെങ്കിൽ വർക്കിങ് പ്രസിഡന്റിനെയെങ്കിലും നിയമിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്.
ബി.ജെ.പി, എ.ബി.വി.പി, ബി.എം.എസ് (ഭാരതീയ മസ്ദൂർ സംഘ്), വിശ്വ ഹിന്ദു പരിഷത്ത്, വിദ്യാഭാരതി, ഭാരതീയ കിസാൻ സംഘ്, രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാൺ അടക്കം ആർ.എസ്.എസിന്റെ 32 അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ ‘അഖില ഭാരതീയ സമന്വയ് ബൈഠകി’ൽ കർമപരിപാടികളുടെ അവലോകനം നടത്തും.
നേതൃയോഗത്തിന് തുടക്കം
പാലക്കാട്: ഈ മാസം 31ന് ആരംഭിക്കുന്ന ‘അഖില ഭാരതീയ സമന്വയ് ബൈഠക്കിന് മുന്നോടിയായി ആർ.എസ്.എസ് ദേശീയ നേതൃയോഗത്തിന് പാലക്കാട്ട് തുടക്കമായി. വാളയാർ അഹല്യ കാമ്പസിലാണ് പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന യോഗം. സർസംഘ് ചാലക് മോഹൻ ഭാഗവത് ഉൾപ്പെടെ 20ഓളം പേർ ബുധനാഴ്ച പാലക്കാട്ടെത്തി. വർഷത്തിലൊരിക്കൽ ആർ.എസ്.എസിന്റെയും അനുബന്ധ സംഘടനകളുടെയും ദേശീയ ഭാരവാഹികൾ ഒത്തുചേരുന്ന യോഗമാണ് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്നത്. ആർ.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ചർച്ചയും പദ്ധതി ആസൂത്രണവും വിഷയമാകും. ആദ്യമായാണ് ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക് കേരളത്തിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

