ഗായകൻ വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് ആർ.എസ്.എസ് നേതാവ്
text_fieldsകുണ്ടറ (കൊല്ലം): ഗായകൻ വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് ആർ.എസ്.എസ് നേതാവും കേസരി വാരിക മുഖ്യപത്രാധിപരുമായ ഡോ. എൻ.ആർ. മധു. വേടന്‍റേത് വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യമാണെന്നും വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി ഇത് അരങ്ങുവാഴുകയാണെന്നും കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്രത്തിലെ വേദിയിൽ നടത്തിയ പ്രസംഗത്തിൽ ഡോ. എൻ.ആർ. മധു പറഞ്ഞു.
‘നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോയെന്ന് സംശയിക്കണം. കഴിഞ്ഞദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടും പാട്ടും കൂത്തുമുണ്ടായിരുന്നെന്നാണ് അറിഞ്ഞത്. ആളുകൾ കൂടാൻ വേടന്‍റെ പാട്ട് വെക്കുന്നവർ ഒരുപക്ഷേ, ആളുകൂടാൻ കാബറെ ഡാൻസും അമ്പലപ്പറമ്പുകളിൽ വെക്കും. വേടനോട് വ്യക്തിപരമായ വിരോധമൊന്നുമില്ല. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്.
സൂക്ഷ്മമായി പഠിച്ചാൽ ഈ രാജ്യത്ത് വിഘടനം സ്വപ്നംകണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്നത് കൃത്യമാണ്. അത്തരം കലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്തുതോൽപിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
700 വർഷത്തോളം പഴക്കമുള്ള കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്രം കുറച്ചുകാലം മുമ്പ് ആർ.എസ്.എസ് ഏറ്റെടുത്ത് പുനരുദ്ധരിച്ച് ഭരണനിർവഹണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ‘അപർണോത്സവം’ എന്ന പേരിൽ ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠ വാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു വേടനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

