രാജ്ഭവൻ ചടങ്ങിൽ ആർ.എസ്.എസ് നേതാവ്; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsഗുരുമൂർത്തി
തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടിയിൽ ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി മുൻ പ്രധാനമന്ത്രിമാരെ അധിക്ഷേപിക്കും വിധം പരാമർശം നടത്തിയതിൽ വിവാദം. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയപ്പോൾ ഗവർണറെ പിന്തുണച്ച് മുൻമന്ത്രി വി. മുരളീധരനും രംഗത്തുവന്നു. ഓരോ മാസവും പ്രമുഖരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഓപറേഷൻ സിന്ദൂർ വിഷയത്തിലായിരുന്നു ബുധനാഴ്ച രാജ്ഭവനിൽ ഗുരുമൂർത്തിയുടെ പ്രഭാഷണം നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു സദസ്സിൽ. പ്രസംഗത്തിനിടെ, മുൻ പ്രധാനമന്ത്രിമാർക്കെതിരെയുള്ള പരാമർശങ്ങളിലാണ് കോൺഗ്രസ് പ്രതിഷേധമുയർത്തുന്നത്.
രാജ്ഭവനില്‍ ഔദ്യോഗികമായി ഒരു ആര്.എസ്.എസ് നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുകയും മുന്‍ സര്‍ക്കാറുകള്‍ക്കെതിരെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ദൗര്‍ഭാഗ്യകരവും അനൗചിത്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതിൽ ഒരു വിരോധവുമില്ല. എന്നാൽ, മിലിട്ടറി എക്സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടത്. മുന്‍ കേന്ദ്രസര്ക്കാറുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്.
ഇത്തരം രാഷ്ട്രീയപ്രസംഗങ്ങള്ക്കുള്ള വേദിയല്ല രാജ്ഭവന്. രാജ്ഭവന് ഗവര്‍ണറുടെ ആസ്ഥാനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തിനുവേണ്ടി സേവനം നടത്തുന്ന ഗുരുമൂർത്തിയെ പോലുള്ളയാളെ രാജ്ഭവനിലേക്ക് ക്ഷണിച്ചത് ഗവർണറുടെ മഹത്വവുമായി കാണുന്നെന്നായിരുന്നു വി. മുരളീധരന്റെ പ്രതികരണം. ഇത്തരം ആളുകൾ പങ്കെടുക്കുന്ന പരിപാടികളുടെ വേദിയായി രാജ്ഭവൻ മാറണം. അല്ലാതെ, കോൺഗ്രസിന്റെ വിഴുപ്പലക്കൽ രാഷ്ട്രീയത്തിന്റെയും അന്തപ്പുര രാഷ്ട്രീയത്തിന്റെയും വേദിയായി രാജ്ഭവനുകൾ അധഃപതിച്ചിരുന്ന സാഹചര്യം തുടരരുതെന്നും മുരളീധരൻ പറഞ്ഞു.
ഗവര്‍ണറെ പ്രതിഷേധമറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സര്‍ക്കാറും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സി.പി.എം പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാറിനെ കൂടി വെട്ടിലാക്കുന്നതിനാണ് ഈ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

