ഹർത്താലിനിടെ ആക്രമണം: മാധ്യമപ്രവർത്തകന്‍റെ വായ്മൂടി കെട്ടി പ്രതിഷേധം VIDEO
text_fieldsകൊല്ലം: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സംഘടനകൾ കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മാധ്യമപ്രവർത്തകരെ അക്രമിച്ചതിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറ വാർത്തസമ്മേളനവേദിയിൽ ഫോേട്ടാഗ്രാഫറുടെ പ്രതിഷേധം. ഹർത്താൽ ദിനത്തിൽ ബി.ജെ.പി പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ മംഗളം ഫോേട്ടാഗ്രാഫർ ജയമോഹൻ തമ്പിയാണ് പ്രതിഷേധിച്ചത്. കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയാണ് ജയമോഹൻ തമ്പി ചിത്രങ്ങൾ പകർത്താനെത്തിയത്.
സുരേന്ദ്രൻ സംസാരിക്കുന്നതിന് തൊട്ടടുത്തുനിന്ന് വാർത്തസമ്മേളനം അവസാനിക്കുന്നതുവരെ തമ്പി ചിത്രങ്ങൾ പകർത്തി. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിൽ എന്ത് നടപടിയെടുത്തുവെന്ന ചോദ്യത്തിന് സംഭവങ്ങളിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ ഖേദപ്രകടനം നടത്തണമോയെന്നതടക്കമുള്ള കാര്യത്തിൽ ബി.ജെ.പി അധ്യക്ഷനാണ് മറുപടി പറയേണ്ടതെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിനുശേഷം ജയമോഹൻ തമ്പിയോട് സുരേന്ദ്രൻ വിവരങ്ങൾ ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
