ആർ.എസ്.എസ് ഗണഗീതം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം/ കടയ്ക്കൽ: കോട്ടുക്കൽ ക്ഷേത്രോത്സവത്തിൽ ഗാനമേളക്കിടെ, ഗണഗീതം പാടിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഗണഗീതം പാടിയത് ബോധപൂർവമായ ശ്രമമാണ്. ക്ഷേത്രോപദേശക സമിതികൾ ക്ഷേത്രഭരണക്കാരായി മാറുന്നെന്നും പ്രശാന്ത് പറഞ്ഞു. കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിൽ നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേളയിലാണ് ഗണഗീതം പാടിയത്. കോട്ടുക്കൽ ടീം ഛത്രപതിയാണ് പരിപാടി സ്പോൺസർ ചെയ്തത്.
അതേസമയം, ഗണഗീതം പാടിയ സംഭവത്തിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റും സി.പി.എം ഇട്ടിവ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ, ഇട്ടിവ സ്വദേശി പ്രതിൻ എന്നിവർ നൽകിയ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ഗാനമേള ട്രൂപ്പിലെ ഗായകർക്കും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കും ഉത്സവ കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് കേസ്. എന്നാൽ, ഗാനമേളയിൽ ദേശഭക്തിഗാനമാണ് പാടിയതെന്നും ഗണഗീതം പാടിയിട്ടില്ലെന്നുമാണ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ശ്രീജേഷിന്റെ നിലപാട്.
ഗണഗീതം ആലപിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ തന്നെ ക്ഷേത്രോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് കൊടിതോരണങ്ങൾ കെട്ടിയതായി പരാതി ലഭിക്കുകയും ഇതിന്മേൽ കൊട്ടാരക്കര ദേവസ്വം അസി. കമീഷണർ അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് ക്ഷേത്രത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിച്ചത്. ഇത് ബോധപൂർവം ചെയ്തതാണെന്ന് തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം വിലയിരുത്തി. സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ദേവസ്വം അസി. കമീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ഉടൻതന്നെ കോട്ടുക്കൽ മഞ്ഞിപുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാനാണ് തീരുമാനം.
ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്തോ രാഷ്ട്രീയ പാർട്ടികളുടെയോ മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാനോ പാടില്ലെന്ന ഹൈകോടതി നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ല ഡെപ്യൂട്ടി ദേവസ്വം കമീഷണർമാരുടെയും അസി.ദേവസ്വം കമീഷണർമാരുടെയും യോഗം ചേർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കൊടികൾ കെട്ടുന്നതിനോ ആശയപ്രചാരണം നടത്തുന്നതിനോ രാഷ്ട്രീയ മത-സാമുദായിക സംഘടനകളെ അനുവദിച്ചാൽ അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

