Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് ആവശ്യപ്പെടുന്നത് കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം പിടിച്ചെടുക്കാനെന്ന് വി.ഡി. സതീശൻ; ‘വഖഫ് ബില്ലിനെ എതിര്‍ത്തതു പോലെ ചര്‍ച്ച് ബില്ലിനെയും എതിര്‍ക്കും’

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫ് ബില്ലിനെ എതിര്‍ത്തതു പോലെ ചര്‍ച്ച് ബില്ലിനെയും എതിര്‍ക്കും. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിനെ എതിര്‍ത്തെന്ന് മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. മതത്തിന്റെ ആചാരത്തിലേക്കും സംസ്ക്ക്കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞു കയറാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ഭേദഗതി. അതിനെ ഞങ്ങള്‍ ശക്തിയായി എതിര്‍ത്തു. വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതായിരുന്നു ഭേദഗതികള്‍. അതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിച്ചു. മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മില്‍ ഒരു ബന്ധവുമില്ല. മുനമ്പത്തെ വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും 10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും, ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്നും ഇറക്കി വിടരുതെന്നും സ്ഥിരമായ ആവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കുമില്ല.

മുനമ്പത്തിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാന്‍ ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതു കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? തീരാന്‍ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രബല്യമില്ല. എന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്.

വഖഫ് ബില്‍ പാസായാല്‍ അതിന് പിന്നാലെ ചര്‍ച്ച് ബില്‍ വരുമെന്ന് അന്നേ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. മോദി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ് പോര്‍ട്ടലില്‍ ഇന്നലെ ഒരു ലേഖനം വന്നിട്ടുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂ ഉടമ കത്തോലിക്കാ സഭയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഏഴ് കോടി ഹെക്ടര്‍ അതായത് 17.29 കോടി ഏക്കര്‍ സ്ഥലത്തിന്റെ ഉടമകളാണ് കത്തോലിക്കാ സഭ. അനധികൃതമായി ബ്രിട്ടീഷുകാരുടെ കാലത്ത് പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഈ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആര്‍.എസ്.എസ് പറഞ്ഞിരിക്കുന്നത്. വഖഫ് ബില്‍ പാസാക്കിയ അതേ ദിവസമാണ് ആര്‍.എസ്.എസ് ഇതു പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ രത്‌ന കിരീടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിനത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും രഹസ്യം മനസിലായല്ലോയെന്ന് വി.ഡി. സതീശൻ ചോദിച്ചു.

ജബല്‍പൂരില്‍ തൃശൂര്‍ ജില്ലയിലെ വൈദികനായ ഫാ. ഡേവിസ് പൊലീസിന് മുന്നില്‍ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. വഖഫ് ബില്ലിന്റെ പേരില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോഴാണ് ഒഡീഷയില്‍ ഫാദര്‍ ജോഷി ജോര്‍ജ്ജ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് മുന്നൂറോളം പൊലീസ് കയറി വന്ന് അടി തുടങ്ങിയെന്നാണ് ഫാദര്‍ ജോഷി എന്നോട് പറഞ്ഞത്. സഹവികാരിയുടെ തോളെല്ല് ഒടിഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തുടനീളെ വ്യാപക അക്രമം നടത്തുന്നവരാണ് കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് കഴിയുമെന്നാണ് വിശ്വാസമെന്നും സതീശൻ പറഞ്ഞു.

മുനമ്പത്ത് നേരത്തെ ഉണ്ടായിരുന്ന ബി.ജെ.പിക്കാര്‍ തന്നെയാണ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നത്. അല്ലാതെ പുതുതായി ആരും ചേര്‍ന്നിട്ടില്ല. ഇതൊക്കെ കാമ്പയിന്റെ ഭാഗമാണ്. വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്‍ കൂടി വരുമെന്നത് സഭ നേതൃത്വത്തിനും മനസിലായിട്ടുണ്ട്. എന്തുകൊണ്ടാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലില്‍ നിലപാട് എടുത്തത് എന്നത് സംബന്ധിച്ച് ബോധ്യപ്പെടുത്തും. ആ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അത് രാജ്യത്തിന് വേണ്ടി സ്വീകരിച്ച നിലപാടാണ്. ചര്‍ച്ച് ബില്‍ വന്നാലും എതിര്‍ക്കാന്‍ ഞങ്ങളുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

ആശമാരുടെ ആക്ഷേപം ഗൗരവമായി പരിശോധിക്കും. കമ്മീഷനെ നിയോഗിച്ച് ആശ സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും അവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നതുമാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. വ്യത്യസ്തമായ അഭിപ്രായം കോണ്‍ഗ്രസുമായും യു.ഡി.എഫുമായും ബന്ധപ്പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കും.

ഒരു പ്രത്യയശാസ്ത്രത്തെ കുഴിച്ചു മൂടി മറ്റൊരു പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് എം.കെ രാഘവന്‍ സമരം ആരംഭിക്കുന്നത്. ഗാന്ധി നിന്ദയുടെ തുടര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നതെല്ലാം. ഒരു സിനിമ എടുത്തതിന്റെ പേരില്‍ നിര്‍മ്മാതാവിനെയും സംവിധായകനെയും റെയ്ഡ് ചെയ്യുകയാണ്. സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ ജയിലില്‍ പോകുമെന്ന സന്ദേശമാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശ വിരുദ്ധനാണെന്നാണ് പറയുന്നത്. ഇതൊക്കെ ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും കാലത്തുണ്ടായിരുന്നതാണ്. അതൊന്നും ഇന്ത്യയില്‍ നടപ്പാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrganiserRSSVD Satheesan
News Summary - RSS demands seizure of 70 million hectares of land belonging to the Catholic Church
Next Story