ആർ.എസ്.എസ് കൂട്ടുകെട്ട്; പാർട്ടി വിമർശനത്തിൽ ഒറ്റപ്പെട്ട് സി.പി.എം സെക്രട്ടറി
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: അനിവാര്യഘട്ടത്തിൽ ആർ.എസ്.എസുമായി കൂട്ടുകൂടിയെന്ന വിവാദ പ്രസ്താവനയെച്ചൊല്ലി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ രൂക്ഷവിമർശനത്തിൽ ഒറ്റപ്പെട്ട് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിയുടെ പ്രചാരണ മുദ്രാവാക്യത്തിന്റെ മുനയൊടിക്കുന്നതായി സെക്രട്ടറിയുടെ അസ്ഥാനത്തുള്ള ചാനൽ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഭൂരിപക്ഷം അംഗങ്ങളും വിമർശനമുയർത്തിയ യോഗത്തിൽ ആരും ഗോവിന്ദൻ തിരുത്തിയതിനെ പോലും പിന്തുണച്ചില്ലെന്നാണ് വിവരം. പാർട്ടിയെ താറടിക്കുന്ന വിവാദങ്ങളൊഴിവാക്കാൻ മാധ്യമങ്ങളുമായി എപ്പോഴും ജാഗ്രതയോടെ മാത്രമേ ഇടപെടാവൂ എന്ന യോഗത്തിന്റെ പൊതു അഭിപ്രായം പരോക്ഷമായി സെക്രട്ടറിക്കുള്ള പാർട്ടിയുടെ താക്കീതുമായി.
പാർട്ടിയുടെ വിമർശനം ശരിവെക്കുന്നതായിരുന്നു തുടർന്ന് ഗോവിന്ദൻ നടത്തിയ വാർത്തസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും വാക്കുകളുമെങ്കിലും വിമർശനമുണ്ടായത് അദ്ദേഹം നിഷേധിച്ചു. ആർ.എസ്.എസുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടിയിൽ ചർച്ചയായില്ലെന്നും വിമർശനമുണ്ടായാൽ അത് പറയുന്നതിന് കുഴപ്പമില്ലെന്നും സ്വയം വിമർശനമുൾക്കൊള്ളുന്ന പാർട്ടിയാണ് സി.പി.എം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചരിത്രത്തിന്റെ ഭാഗമായ ഒരുകാര്യം ഞാൻ പറഞ്ഞെന്നു മാത്രമേയുള്ളൂ.
ആ വിഷയത്തിലുണ്ടായ തെറ്റിദ്ധാരണയിൽ ഞാൻ വിശദീകരണം നൽകിയതാണ്. മുഖ്യമന്ത്രിക്ക് പറയാനുള്ളത് അദ്ദേഹവും പറഞ്ഞു. ഇനി അതുസംബന്ധിച്ച് ചർച്ചക്കില്ല. അതവസാനിച്ചെന്നുപറഞ്ഞ് കൂടുതൽ ചോദ്യങ്ങളിൽനിന്ന് ഗോവിന്ദൻ ഒഴിഞ്ഞുമാറി.
നിലമ്പൂരിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി സെക്രട്ടേറിയറ്റ്. സ്വന്തം ചിഹ്നത്തിൽ മത്സരിച്ചതിനാൽ പാർട്ടി വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും നല്ല നിലയിലുള്ള രാഷ്ട്രീയപ്രചാരണം കാഴ്ചവെക്കാനായെന്നുമാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ തുറന്നുകാട്ടാനായി.
ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വലിയ ചർച്ചയാക്കിയതോടെ മതനിരപേക്ഷ വോട്ടുകൾ ലഭിച്ചെന്നുമാണ് അനുമാനം. നിലമ്പൂരിൽ ജയിക്കുമെന്നും പ്രാഥമിക വിലയിരുത്തലാണ് സെക്രട്ടേറിയറ്റിൽ നടന്നതെന്നും വോട്ടൊന്നും കണക്കാക്കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് വാർത്തസമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

