അമൃതാനന്ദമയി നല്ല ഉപദേശം തരുന്നു, എന്നും പ്രചോദനം -ആർ.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്‍
text_fieldsകരുനാഗപ്പള്ളി: എങ്ങിനെ പെരുമാറണം എങ്ങനെ പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അമൃതാനന്ദമയി നല്ല ഉപദേശങ്ങള്‍ തരാറുണ്ടെന്നും ഇത് എന്നും പ്രചോദനമാണെന്നും ആർ.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. കൊല്ലം അമൃതപുരി അമൃതാനന്ദമയി മഠത്തിലെത്തി അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഭാഗവത്.
മഹത്തായ പാരമ്പര്യത്തിന്റെയും സംസ്‌കൃതിയുടെയും വെളിച്ചത്തില്‍ ലളിതമായ വാക്കുകളില്‍ അമൃതാനന്ദമയിയില്‍നിന്ന് നല്ല ഉപദേശം ലഭിക്കുന്നു. ഇതെല്ലാം പ്രവര്‍ത്തനത്തിന് പുതിയ പ്രചോദനം നല്‍കുന്നു. അതിനാലാണ് ഞാന്‍ സ്ഥിരമായി ഇവിടെ വന്നു കൊണ്ടിരിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.
വൈകിട്ട് 3.45ന് ആശ്രമത്തിലെത്തിയ ഭാഗവതിനെ മുതിര്‍ന്ന സ്വാമിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മടങ്ങിയത്.
ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാര്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, ക്ഷേത്രീയ വിശേഷസമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്തസഹകാര്യവാഹ് ടി.വി.പ്രസാദ് ബാബു, സഹസമ്പര്‍ക്ക് പ്രമുഖ് സി.സി. ശെല്‍വന്‍, സഹവ്യവസ്ഥാപ്രമുഖ് രാജന്‍ കരൂര്‍, കാര്യകാരി അംഗം വി. മുരളീധരന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ഭാഗവത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
രാത്രിയോടെ എറണാകുളത്ത് പ്രാന്തകാര്യാലയമായ മാധവനിവാസിലെത്തി. ഇന്നും നാളെയും തൃശൂരിൽ വിവിധ സംഘടനായോഗങ്ങളില്‍ പങ്കെടുക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ഓഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

