Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ സംഘങ്ങൾ...

സഹകരണ സംഘങ്ങൾ ഹിന്ദുത്വക്ക്​ വഴി തുറക്കുമോ; കേരളത്തിൽ കാലുറപ്പിക്കാനുള്ള ആർ.എസ്​.എസ്​ പദ്ധതിയിങ്ങനെ

text_fields
bookmark_border
സഹകരണ സംഘങ്ങൾ ഹിന്ദുത്വക്ക്​ വഴി തുറക്കുമോ; കേരളത്തിൽ കാലുറപ്പിക്കാനുള്ള ആർ.എസ്​.എസ്​ പദ്ധതിയിങ്ങനെ
cancel

സംഘ്​പരിവാർ രാഷ്​ട്രീയത്തിന്​ കേരളത്തിൽ ചുവടുറപ്പിക്കാൻ നടപ്പാക്കുന്നത്​ ദീർഘകാലാടിസഥാനത്തിലുള്ള ബഹുമുഖ പദ്ധതികൾ. ഉത്തരേന്ത്യൻ മാതൃകയിൽ നിന്ന്​ വ്യത്യസ്​തമായി സഹകരണ സംഘങ്ങളിലൂടെയും വനിതാ കൂട്ടായ്​മകളിലൂടെയും ചെറുകിട സംരംഭക ഗ്രൂപ്പുകളിലൂടെയും മറ്റും കേരളത്തിൽ സ്വാധീനമുറപ്പിക്കാനുള്ള പദ്ധതികളാണ്​ നടപ്പാക്കുന്നത്​. ആർ.എസ്​.എസിന്‍റെ കാർമികത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലടക്കം വലിയ തോതിൽ വ്യാപിച്ചിട്ടുണ്ടെന്ന്​ 'ദ ന്യൂസ്​ മിനുറ്റ്​' റിപ്പോർട്ട്​ ചെയ്​തു.

ആർ.എസ്​.എസിന്‍റെ കീഴിലുള്ള 'സഹകാർ ഭാരതി'യാണ്​ ഇത്തരം സഹകരണ സംഘങ്ങൾക്ക്​ നേതൃത്വം നൽകുന്നത്​. 10 മുതൽ 20 വരെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ്​ സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്​. കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഇത്തരം സംഘങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്​.

കുടുംബശ്രീക്ക്​ ബദലായി അക്ഷയശ്രീ

'സഹകാർ ഭാരതി'യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളാണ്​ അക്ഷയശ്രീ. എൻ.ജി.ഒ ആയി പ്രവർത്തിക്കുന്ന അക്ഷയശ്രീ​യെ കുടുംബശ്രീക്ക്​ ബദലായി ഉയർത്തികൊണ്ടുവരാനാണ്​ ശ്രമം. ഇത്തരം സ്വയം സഹായ സംഘങ്ങളെ ചേർത്ത്​ കോപറേറ്റീവ്​ സൊസൈറ്റികൾ രൂപീകരിച്ച്​ ബഹുമുഖ പ്രവർത്തനങ്ങളാണ്​ ഇപ്പോൾ കേരളത്തിൽ നടക്കുന്നത്​. ലഭ്യമായ കണക്കുകൾ അനുസരിച്ച്​ 7300 അക്ഷയശ്രീ സ്വയം സഹായ സംഘങ്ങൾ കേരളത്തിലുണ്ട്​. 1.4 ലക്ഷം അംങ്ങളാണ്​ ഈ സംഘങ്ങളിലായുള്ളത്​.

ഈ സംഘങ്ങൾ വിവിധങ്ങളായ പ്രവർത്തനങ്ങളാണ്​ നടത്തുന്നത്​. ചെറു ചായക്കടകൾ, തയ്യൽ, ചെറുകിട ഉൽപാദന കേന്ദ്രങ്ങൾ, മസാലപൊടി നിർമാണം തുടങ്ങി പലഹാരങ്ങളുണ്ടാക്കി കടകളിലും വീടുകളിലും വിൽപന നടത്തുന്നതു വരെയുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ്​ അക്ഷയശ്രീ കൂട്ടായ്​മകൾ നടത്തുന്നത്​.

രാഷ്ട്രീയ ചായ് വുകളോ സംഘ്​പരിവാർ ബന്ധമോ വ്യക്​തമാക്കാതെയാണ്​ സഹകരണ സംഘങ്ങൾ തുടങ്ങുന്നതെങ്കിലും ഭജന, പ്രാർഥനകൾ, രാഷ്​ട്രീയ ചർച്ചകൾ എന്നിവയും ഈ കൂട്ടായ്​മകൾ നടത്തുന്നുണ്ട്​. ഇതിലൂടെ ആർ.എസ്​.എസ്​. സ്വാധീനം വർധിപ്പിക്കുകയും ബി.ജെ.പിയുടെ വോട്ട്​ ബാങ്ക്​ രൂപപ്പെടുത്തുകയുമാണ്​ ലക്ഷ്യമിടുന്നത്​. അക്ഷയശ്രീ സംഘം രൂപീകരിച്ചതിന്​ ശേഷം തെരഞ്ഞെടുപ്പുകളിൽ സജീവമാണെന്ന്​ കരിക്കകം അക്ഷയശ്രീ സെക്രട്ടറി മഞ്​ജുള പറഞ്ഞതായി ന്യൂസ്​ മിനുറ്റ്​ റിപ്പോർട്ട്​ ചെയ്​തു. '2015 മുതൽ ഞങ്ങളുടെ വാർഡ്​ മെമ്പർ എൻ.ഡി.എ സ്​ഥാനാർഥിയാണ്​. നേരത്തെ സി.പി.എം സ്​ഥാനാർഥിയായിരുന്നു ഇവിടെ ജയിച്ചിരുന്നത്​' -മഞ്​ജുള പറഞ്ഞു.

'ശബരിമലയിൽ എന്താണ്​ സംഭവിച്ചത്​ എന്ന്​ അറി​യില്ലേ. പുതു തലമുറക്ക്​ നമ്മുടെ സംസ്​കാരം നഷ്​ടപ്പെടുകയാണ്​. അങ്ങനെ പല കാരണങ്ങളുണ്ട്​, നമ്മൾ രാഷ്​​ട്രീയമായി ശക്​തരാകേണ്ടതുണ്ട്​. വനിതാ ശാക്​തീകരണത്തിന്​ രാഷ്​ട്രീയമായ അവബോധം നല്ലതാണ്​. ഞങ്ങൾ യോഗം ചേരു​േമ്പാൾ പുരാണ ഗ്രന്ഥങ്ങൾ ചർച്ച ചെയ്യുകയും ബജനകൾ ചൊല്ലുകയും ചുറ്റിലും സംഭവിക്കുന്നതൊക്കെ ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്​' -തൃശൂരിൽ നിന്നുള്ള അക്ഷയശ്രീ അംഗം ശോഭ പറയുന്നു.

വിപുലമാകുന്ന സമൃദ്ധി സ്​റ്റോറുകൾ

അക്ഷയശ്രീ കൂട്ടായ്​മകളുടെ ഉൽപന്നങ്ങൾ വിൽക്കുവാനുള്ള കേ​ന്ദ്രങ്ങൾ എന്ന രൂപത്തിലായിരുന്നു സമൃദ്ധി സ്​റ്റോറുകളെ ആർ.എസ്​.എസിന്‍റെ സഹകാർ ഭാരതി അവതരിപ്പിച്ചത്​. എന്നാൽ, ഇത്​ പിന്നീട്​ സൂപ്പർമാർക്കറ്റുകളാകുകയായിരുന്നു. വിവിധ അക്ഷയശ്രീകൾ ചേർന്ന്​ കോപറേറ്റീവ്​ സൊസൈറ്റി രൂപീകരിച്ചാണ്​ സമൃദ്ധി സ്​റ്റോറുകൾ തുറക്കുന്നത്​. സി.എ.എ, എൻ.ആർ.സി വ​ിരുദ്ധ സമര കാലത്ത്​ ബി​.ജെ.പിയുടെ വിശദീകരണയോഗങ്ങൾ നടക്കു​േമ്പാൾ കടകൾ കൂട്ടമായി അടച്ചു പ്രതിഷേധിച്ചിരുന്നു. ഇതിൽ പ്രകോപിതരായി സമൃദ്ധി സ്​റ്റോറുകൾ വർധിപ്പിക്കാനാണ്​ ആർ.എസ്​.എസ്​ തീരുമാനിച്ചത്​. സ്വയം സഹായ കൂട്ടായ്​മകളുടെയും കോപറേറ്റീവ്​ സൊസൈറ്റികളുടെയും ഉടമസ്​ഥതയിൽ മാത്രമുണ്ടായിരുന്ന ​സമൃദ്ധി സ്​റ്റോറുകൾ ആർ.എസ്​.എസ്​ അന​ുകൂലികളായ ധനികരുടെ സഹായത്തോടെ വ്യാപിപ്പിച്ചത്​ അതിന്​ ശേഷമാണ്​.

2020 ആഗസ്റ്റ്​ിൽ കേരളത്തിൽ 24 സമൃദ്ധി സ്​റ്റോറുകളാണ്​ ഉണ്ടായിരുന്നത്​. എന്നാൽ, ഇപ്പോഴത്​ 36 എണ്ണമായി വർധിച്ചിട്ടുണ്ട്​. അഞ്ചു വർഷം കൊണ്ട്​ അത്തരത്തിലുള്ള 1500 സൂപ്പർ മാർക്കറ്റുകൾ തുടങ്ങാനാണ്​ ലക്ഷ്യമിടുന്നത്​.

'10-12 സ്വയം സഹായ സംഘങ്ങളെ ചേർത്ത്​ ഒരു ക്ലസ്റ്റർ രൂപീകരിക്കുകയാണ്​ ആദ്യം ചെയ്യുന്നത്​. ഇത്തരത്തിലുള്ള അഞ്ച്​ ക്ലസ്റ്ററുകൾ ​േചർത്ത്​ ഒരു ഫെഡറേഷൻ രൂപീകരിക്കും. ഒാരോ ഫെഡറേഷന്‍റെ കീഴിലും ഒാരോ സമൃദ്ധി സ്​റ്റോറുകൾ പ്രവർത്തിക്കുന്നു' -​ അക്ഷയശ്രീ മരട് റീജണൽ ഫെഡറേഷൻ സെക്രട്ടറി ഉണ്ണികൃഷ്​ണൻ പറയുന്നു.

രാഷ്​ട്രീയ ചായ്​വോ ഹിന്ദുത്വ താൽപര്യമോ ഒന്നും പ്രകടമാകാത്ത രൂപത്തിലാണ്​ ഈ സമൃദ്ധി സ്​റ്റോറുകൾ പ്രവർത്തിക്കുന്നത്​. അതേസമയം, സംഘാഗങ്ങൾ ഇതിൽ നിന്ന്​ നാമമാത്ര ലാഭം മാത്രമാണ് എടുക്കുന്നത്​. ​ബാക്കി തുക ആർ.എസ്​.എസിന്​ കീഴിലെ സേവാ ഭാരതി പോലുള്ള സംവിധാനങ്ങളിലൂടെയാണ്​ ചെലവഴിക്കുന്നത്​.

ഹിന്ദു ബാങ്കുകൾ

കമ്പനീസ്​ ആക്​ട്​ അനുസരിച്ചുള്ള നിധി കമ്പനികളായി രജിസ്റ്റർ ചെയ്യുന്ന സ്​ഥാപനങ്ങളാണ്​ ഹിന്ദു ബാങ്ക്​. അംഗങ്ങളുമായി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവാദമുള്ള സ്​ഥാപനങ്ങളാണ്​.

ആർ.എസ്​.എസിനെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടിയാണ്​ ഇത്തരം ഹിന്ദു ബാങ്കുകൾ ആർ.എസ്​.എസിന്‍റെ കാർമികത്വത്തിൽ കേരളത്തിൽ രൂപീകരിക്കുന്നത്​. സംസ്​ഥാനത്തെ വായ്​പ ഇടപാടുകളെ പോലും വർഗീയ വൽകരിക്കാനാണ്​ ആർ.എസ്​.എസ്​ ശ്രമമെന്ന്​ നേരത്തെ തോമസ്​ ഐസക്​ ഹിന്ദു ബാങ്ക്​ സംബന്ധിച്ച്​ പറഞ്ഞിരുന്നു.

പ്രധാന ഉന്നം വനിതകൾ

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വനിതകൾക്കായി ഒരു കോപറേറ്റീവ്​ സൊസൈറ്റിയെങ്കിലും രൂപീകരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുള്ള കഠിന പ്രയത്​നത്തിലാണ്​ 'സഹകാർ ഭാരതി'. വനിതകളെ സംഘടിപ്പിച്ച്​ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ 'സഹകാർ ഭാരതി'ക്ക്​ ഏറെ മുന്നോട്ട്​ കൊണ്ടുപോകാനായിട്ടുണ്ട്​. വായ്​പകളും മറ്റു കൊടുക്കൽ വാങ്ങലുകളുമായും വനിതകളിൽ സ്വാധീനമുറപ്പിച്ചാൽ ഇളകാത്ത വോട്ട്​ ബാങ്ക്​ രൂപപ്പെടുത്താമെന്നാണ്​ സംഘപരിവാർ കണക്കുകൂട്ടുന്നത്​.

'പല പഞ്ചായത്തുകളിലും ഞങ്ങൾക്ക്​ നല്ല സ്വാധീനമുണ്ട്​. ഇത്​ വ്യാപിപ്പിക്കാനായാൽ വലിയ നേട്ടമുണ്ടാക്കാനാകും' -പാലക്കാട്​ ജില്ലയിലെ അക്ഷയശ്രീ അംഗവും വിരമിച്ച അധ്യാപികയുമായ സന്ധ്യ പറയുന്നു.

നീക്കങ്ങൾ; ദീർഘകാല പദ്ധതികൾ

ഹിന്ദുത്വ രാഷ്​ട്രീയത്തിന്​ കേരളത്തിൽ വേരുറപ്പിക്കാൻ ഉത്തരേന്ത്യൻ മാതൃക മതിയാകില്ലെന്ന തിരിച്ചറിവ്​ സംഘ്​പരിവാറിനുണ്ട്​. ജീവിത നിലവാരം മെച്ചപ്പെട്ട ഒരു സംസ്​ഥാനമെന്ന നിലക്ക്​ സാമ്പത്തിക ഇടപാടുകളിൽ സ്വാധീനമുറപ്പിക്കുന്ന ശൈലിയാണ്​ കേരളത്തിൽ പരീക്ഷിക്കുന്നത്​. സ്വയം സഹായ സംഘങ്ങളിലൂടെ പാർട്ടിയോടുള്ള ആശ്രയത്വം വർധിപ്പിക്കുക എന്ന ശൈലി ദീർഘകാലാടിസ്​ഥാനത്തിൽ ഗുണം ചെയ്യുന്നതും ഉറച്ച വോട്ടുബാങ്ക്​ രൂപപ്പെടുത്തുന്നതുമാണ്​.

ഇത്തരം സംഘങ്ങളിലൂടെ നടത്തുന്ന പ്രചരണങ്ങൾക്ക്​ വലിയ സ്വീകാര്യത കിട്ടുമെന്നതിനാൽ മുഖ്യധാര മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങളിൽ പാർട്ടിക്ക്​ പരിക്കേൽക്കാതെ പിടിച്ചു നിൽക്കാമെന്ന നേട്ടവുമുണ്ട്​.

മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിൽ നേരത്തെ പയറ്റിയ രീതിയാണ്​ കോപ​േററ്റീവ്​ സൊസൈറ്റികൾ എന്നതിനാൽ സംഘ്​പരിവാറിന്​ ഇത്​ തീർത്തും അപരിചിതല്ല. കേരളത്തിൽ സി.പി.എം സ്വാധീനം വർധിപ്പിക്കുന്നതിന്​ ഈ രീതി നേരത്തെ പ്രയോഗിച്ച്​ വിജയിച്ചതുമാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSHindutvaBJP
News Summary - RSS build local economic communities
Next Story