ദേവസ്വം ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ; തടയാൻ നിർദേശം നൽകിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് സംഘടന ശാഖകൾ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
ഇത്തരം പ്രവൃത്തികൾ തടയാൻ ഡെപ്യൂട്ടി ദേവസ്വം കമീഷണർ, അസിസ്റ്റന്റ് ദേവസ്വം കമീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി കഴിഞ്ഞ മാർച്ച് 30ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലും ഇത്തരം പ്രവൃത്തികൾ തടയാൻ ക്ഷേത്ര ഭരണാധികാരികൾക്ക് നിർദേശം നൽകി. ഗുരുവായൂർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇതുവരെ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപെട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മലബാർ, തിരുവിതാംകൂർ ദേവസ്വങ്ങളുടെ 25187.4 ഏക്കർ ഭൂമി അന്യാധീനപ്പെട്ടു
തിരുവനന്തപുരം: മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ 25,187.4 ഏക്കർ ഭൂമി കൈയേറ്റം ചെയ്തതായി കണ്ടെത്തിയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
സ്പെഷൽ ടീം സർവേയിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1123 ക്ഷേത്രങ്ങളുടെ 24693.4 ഏക്കർ ഭൂമിയിൽ കൈയേറ്റം കണ്ടെത്തിയുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 494 ഏക്കറോളം ഭൂമി കൈയേറ്റത്തിൽ അന്യാധീനപ്പെട്ടു.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്ത ഭൂമിയിലും കൈയേറ്റമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുന്നു. കൂടൽ മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.